മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. വരുന്ന മാസങ്ങളിൽ ഈ സർക്കാർ താഴെ വീഴുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊളളാനും അണികളോട് ആദിത്യ താക്കറെ ആഹ്വാനം ചെയ്തു.
അകോല ജില്ലയിൽ നടന്ന റാലിയിൽ ആയിരുന്നു ആദിത്യ താക്കറെയുടെ ആഹ്വാനം. ഏറ്റവും മോശം രീതിയിലാണ് മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഷിൻഡെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ആദിത്യ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട നാല് വൻകിട പദ്ധതികളാണ് മാറിപ്പോയത്. 2.5 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കാനുളള അവസരമാണ് നഷ്ടമാക്കിയതെന്നും ആദിത്യ താക്കറെ വിമർശിച്ചു.
ഷിൻഡെ ആണോ ഫട്‌നാവിസ് ആണോ മുഖ്യമന്ത്രിയെന്ന് തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഇതുവരെ ഇതുപോലെ ഭരണഘടനാ വിരുദ്ധമായ സർക്കാർ മഹാരാഷ്‌ട്രയിൽ ഉണ്ടായിട്ടില്ല. കർഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ ആരും കേൾക്കുന്നില്ല.
കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയും ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ച് സൂചന നൽകിയിരുന്നു. മഹാരാഷ്‌ട്രയിലെ ഭരണമാറ്റത്തോടെ അണികളെ പിടിച്ചുനിർത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഉദ്ധവ് താക്കറെയും ആദിത്യയും. ഇതിന്റെ ഭാഗമായിട്ടാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്.
ബുൽദാന ജില്ലയിൽ ഉൾപ്പെടെ സഞ്ചരിച്ച് സംവാദ സഭകളും ആദിത്യ താക്കറെ നടത്തി. മഹാരാഷ്‌ട്രയെ പുനർനിർമിക്കണമെന്നും കർഷകരുടെ ശബ്ദം കേൾക്കണമെന്നുമായിരുന്നു ആദിത്യയുടെ ആഹ്വാനം. എന്നാൽ മാസങ്ങൾക്ക് മുൻപ് വരെ ഉദ്ധവ് താക്കറെയാണ് ഭരണം നടത്തിയിരുന്നതെന്ന സത്യം വിസ്മരിച്ചാണ് ആദിത്യയുടെ ആരോപണങ്ങൾ. ഷിൻഡെ സർക്കാരിനെതിരെ കർഷക വികാരം തിരിച്ചുവിടാനുളള ആസൂത്രിത നീക്കവും ഇതിന് പിന്നിലുണ്ട്.















