തിരുവനന്തപുരം; ജ്യൂസിലും കഷായത്തിലും വിഷം കലക്കി നൽകി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസ് തമിഴ്നാട് പോലീസിന് കൈമാറിയേക്കും. കേസ് തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ഷാരോൺ രാജിന്റെ വീട്ടുകാർ ഉൾപ്പെടെ ഇതിൽ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
കേസ് തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛൻ പറഞ്ഞു. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം തേടിയശേഷമാണ് എജി് നിയമോപദേശം നൽകിയത്. കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലാണെന്നത് പ്രതിഭാഗം ചൂണ്ടിക്കാട്ടിയേക്കുമെന്നും എജി പറയുന്നു.
കേസിലെ പ്രതിയും ഷാരോണിന്റെ കാമുകിയുമായിരുന്ന ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻചിറ കേരളത്തിന്റെ അതിർത്തിയോട് ചേർന്ന തമിഴ്നാട്ടിലാണ്. തമിഴ്നാട് പോലീസിന്റെ പളുഗൽ സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. തുടർന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചത്. എന്നാൽ സംഭവം നടന്ന പ്രദേശത്തെ പോലീസിന് അന്വേഷണ ചുമതല നൽകുന്നതാണ് കീഴ് വഴക്കം. ഈ കേസിൽ കുറ്റകൃത്യവും ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് പോലീസിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
Comments