സിഡ്നി: ടി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടം നാളെ. ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായി മുന്നേറിയ ന്യൂസിലാന്റിനെതിരെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താൻ ഏറ്റുമുട്ടും. മികച്ച ഫോമിലുള്ള കിവീസിനെതിരെ ഭാഗ്യം തുണച്ചതോടെയാണ് പാകിസ്താൻ സെമിയിലെത്തിയത്. നിർഭാഗ്യം എന്നും കൂട്ടായ ദക്ഷിണാഫ്രിക്കൻ നിരയെ നെതർലാന്റ്സ് അട്ടിമറിച്ചതോടെയാണ് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പാകിസ്താൻ കയറിയത്.
സമീപകാലത്ത് ഇരുടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ചിൽ നാലും ജയിച്ചത് പാകിസ്താനാണ്. 2022ൽ മൂന്ന് തവണ ഏറ്റുമുട്ടിയതിൽ ഒന്നിൽ മാത്രമേ കിവീസിന് പാക് പടയെ തോൽപ്പിക്കാനായുള്ളു. ഓസ്ട്രേലിയൻ പിച്ചുകളിൽ പാകിസ്താനേക്കാൾ അനുഭവ പരിചയമുള്ളത് മാത്രമാണ് കിവീസിന് തുണയാവുക. ലോകവേദികളിൽ അവസാന ഘട്ടങ്ങളിൽ പതറുന്ന പാക് ബാറ്റിംഗ് നിരയെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കാനാകും കിവീസ് ശ്രമിക്കുക.
പാക് നിരയിൽ എന്നും കരുത്തായ ബാബർ അസം-മുഹമ്മദ് റിസ്വാൻ ഓപ്പണിംഗ് ജോഡി യുടെ പരാജയമാണ് ഇത്തവണ പാകിസ്താനെ അനിശ്ചിതത്വത്തിലാക്കിയത്. തീർത്തും നിറം മങ്ങിയ ബാബർ അസം ഇന്ത്യക്കെതിരായ മത്സരത്തിലെ തോൽവിയോടെ ശരിക്കും പഴികേട്ടു. ബൗളിംഗിൽ അഫ്രിദിയേക്കാൾ സ്ഥിരത കാണിക്കുന്ന മുഹമ്മദ് വസീമും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന ഷദാബ് ഖാനും എതിരാളികളെ അട്ടിമറിയ്ക്കാൻ ശേഷിയുള്ളവരാണ്. സിംബാബ്വേ അട്ടിമറി ജയം നേടിയപ്പോൾ ഗ്യാലറിയിൽ അമ്പരന്ന് കണ്ണുകൾ പൊത്തിയിരുന്ന ബാബറിനെതിരെ മുൻ താരങ്ങളെല്ലാം വാളെടുത്തു. സെമി കടന്ന് ഇന്ത്യക്കെതിരെ ഫൈനലെന്ന ശക്തമായ ആഗ്രഹമാണ് പാകിസ്താനിലെ ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.
ന്യൂസിലാന്റ് നിരയിൽ ഡെവോൺ കോൺവോയിയും ഗ്ലെൻ ഫിലിപ്സുമാണ് സ്ഥിരത നിലനിർത്തുന്നവർ. കെയിൻ വില്യംസും സ്കോർ കണ്ടെത്തിയാൽ കിവീസിന് കാര്യങ്ങൾ എളുപ്പമാകും. സീനിയർ താരമായ ടിം സൗത്തിയും ഇഷ് സോധിയും അടങ്ങുന്ന ബൗളിംഗ് നിര പാകിസ്താന്റെ മുൻനിരയ്ക്കും മദ്ധ്യനിരയ്ക്കും ഭീഷണിയാണ്.















