ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളുടെ തലപ്പത്തുനിന്ന് ഗവർണറെ മാറ്റുന്നത് ഉന്നതവിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റ് വത്ക്കരണത്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വൈസ് ചാൻസലർ മുതൽ പ്യൂൺവരെയുള്ളവരെ പാർട്ടി പട്ടികയിൽ നിന്ന് നിയമിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സ്വജനപക്ഷപാതം തുടച്ചുനീക്കി സർവകലാശാലകളെ ശുദ്ധീകരിക്കാനാണ് ചാൻസലറെന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചത്. കോടതികളിൽ നിന്ന് തുടർച്ചയായി തിരിച്ചടി കിട്ടിയിട്ടും പാർട്ടി നേതാക്കളുടെ ബന്ധുക്കളെയും അണികളെയും സർവകലാശാലകളിൽ തിരുകിക്കയറ്റാനുള്ള ശ്രമം ലജ്ജയില്ലാതെ തുടരുകയാണ് സിപിഎം.
ഗവർണറെ മാറ്റുന്നത് ഭരണഘടനാ സ്ഥാപനത്തോടുള്ള അവഹേളനം കൂടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർവകലാശാലകളെ ആർഎസ്എസ് വത്ക്കരിക്കാൻ ഗവർണർ ശ്രമിച്ചു എന്നതിന് തെളിവ് പുറത്തുവിടാൻ പിണറായി സർക്കാർ തയാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.















