പാലക്കാട് : വാളയാറിൽ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം നടത്താൻ പുതിയ ടീമിനെ രൂപീകരിച്ച് സിബിഐ. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾക്ക് ആവശ്യമായ തെളിവില്ലെന്നും കൂടുതൽ വസ്തുകൾ ഇനിയും കണ്ടെത്താനുണ്ടെന്നും നിരീക്ഷിച്ചാണ് പാലക്കാട് സ്‌പെഷ്യൽ പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്ന അതേ കാര്യങ്ങളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത് എന്നും വിമർശനം ഉയർന്നിരുന്നു.
കേരളത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സിബിഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയുമുണ്ടായി. തുടർന്നാണ് അന്വേഷണം പുതിയ സംഘത്തിന് കൈമാറാൻ കോടതി നിർദ്ദേശിച്ചത്.
Comments