ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ നിന്നും പുറത്തായതിന്റെ ക്ഷീണം തീർക്കാൻ തുടരെ പരിമിത ഓവർ പരമ്പരകൾ കളിക്കാൻ ടീം ഇന്ത്യ. നേരത്തേ തീരുമാനിച്ച ന്യൂസിലൻഡ് പര്യടനത്തിന് പിന്നാലെ, ബംഗ്ലാദേശുമായും ശ്രീലങ്കയുമായും ഇന്ത്യ പരമ്പരകൾ കളിക്കും. 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിലാകും ഇന്ത്യ ശ്രീലങ്കയുമായും ബംഗ്ലാദേശുമായും പരമ്പരകൾ കളിക്കുക.
അതേസമയം, ടീം ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം നവംബർ 18 മുതൽ ആരംഭിക്കും. ട്വന്റി 20യിൽ ഹർദ്ദിക് പാണ്ഡ്യയും ഏകദിനത്തിൽ ശിഖർ ധവാനുമാകും ഇന്ത്യയെ നയിക്കുക. തുടർന്ന് ബംഗ്ലാദേശിൽ പര്യടനത്തിനെത്തുന്ന ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കും. ബംഗ്ലാദേശ് പര്യടനത്തിന് ശേഷം തിരികെ എത്തുന്ന ഇന്ത്യ, നാട്ടിൽ ശ്രീലങ്കയുമായി ട്വന്റി 20- ഏകദിന പരമ്പരകൾ കളിക്കും.
ട്വന്റി 20 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനം ആരാധകരെ മാത്രമല്ല, ബിസിസിഐയെയും ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. അടുത്ത ട്വന്റി 20 ലോകകപ്പ് മുൻനിർത്തി സീനിയർ താരങ്ങളെ ഒഴിവാക്കി, യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ടീമിനെയാകും ഇന്ത്യ സജ്ജമാക്കുക. സീനിയർ താരങ്ങൾ ഏകദിനങ്ങളിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശത്തിലൂടെ, ശക്തമായ സന്ദേശമാണ് ഇവർക്ക് ബിസിസിഐ നൽകുന്നത്.
Comments