എറണാകുളം: സിനിമയിലെ രംഗങ്ങൾ റീലുകളാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിനെ സമീപിച്ച് ‘ജയ ജയ ജയ ജയ ഹേ’ സിനിമയുടെ നിർമ്മാതാക്കൾ. രംഗങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം 28 നായിരുന്നു ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഇതിന്റെ റീലുകൾ സമൂഹമാദ്ധ്യമങ്ങളലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് നിർമ്മാതാക്കൾ പോലീസിനെ സമീപിച്ചത്. ഫോളോവേഴ്സിനെ കൂട്ടാനായി തിയറ്ററുകളിൽ നിന്നും പകർത്തിയ സീനുകളാണ് റീലുകളാക്കി പ്രചരിപ്പിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ പരാതിയ്ക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ എറണാകുളം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക വിഷയം ചർച്ചയാകുന്ന സിനിമയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ആഴ്ച കഴിയുമ്പോഴും സിനിമ കാണാൻ തിയറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 10 ദിവസം കൊണ്ട് 25 കോടി രൂപയാണ് നേടിയത്.
Comments