കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനാണ് സസ്പെൻഷൻ ലഭിച്ചത്. വടകര റൂറൽ എസ്പിയുടേതാണ് നടപടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പോലീസുകാരനായ വിനോദ് ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിലിലാണ്. കൂരാച്ചുണ്ട് പോലീസാണ് വിനോദിനെതിരെ കേസെടുത്തിരിക്കുന്നത്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് വിനോദ് മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടികളുടെ അമ്മയാണ് പരാതി നൽകിയത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിരവധി തവണ കുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. കൂടാതെ കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലും പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം ഏറെ ചർച്ചയായ തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ സിഐയുടെ അറസ്റ്റ് വൈകുമെന്നാണ് സിറ്റി പോലീസ് കമ്മീഷണർ നാഗരാജു അറിയിക്കുന്നത്. പ്രതിയായ സിഐ പി.ആർ സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും അറസ്റ്റിന് മതിയായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. അക്കാര്യം പരിശോധിച്ച് വരികയാണെന്നും കമ്മീഷണർ അറിയിച്ചു.
Comments