തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ പഞ്ച് കിരൺ എന്ന പേരിൽ 76 ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആധാരം എഴുതുന്നവർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാം പരിശോധനയ്ക്ക് നിർദേശം നൽകിയത്.
വൈകീട്ട് 4.45ഓടെയാണ് ഒരേസമയം 76 ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ വിവിധ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ ആധാരമെഴുത്തുകാർ വഴി ഉദ്യോഗസ്ഥർക്ക് വേണ്ട കൈക്കൂലി നൽകുന്നുണ്ടെന്നാണ് വിവരം. ആധാരമെഴുത്തുകാരെ സമീപിക്കുമ്പോൾ മുദ്രപത്രത്തിന്റെ പൈസയും എഴുത്തുകൂലിയും നൽകുന്നതിനോടൊപ്പം ഉദ്യോഗസ്ഥർക്ക് നൽകാനുദ്ദേശിക്കുന്ന കൈക്കൂലിയും കൈമാറുന്നു.
ജനങ്ങളിൽ നിന്ന് വാങ്ങുന്ന കൈക്കൂലി പിന്നീട് ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ആധാരമെഴുത്തുകാർ ചെയ്യുന്നത്. കൈക്കൂലിയുടെ കൊടുക്കൽ വാങ്ങലുകൾ ഇത്തരത്തിൽ വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരം വിജിലൻസ് മേധാവിക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേസമയം മിന്നൽ പരിശോധന നടത്താൻ നീക്കമുണ്ടായത്. പരിശോധന ഇപ്പോഴും തുടരുകയാണ്.
Comments