224 വർഷത്തിന് ശേഷം ഇന്ത്യയിൽ ഒരു പുതിയ ഇനം തേനീച്ചയെ കണ്ടെത്തി കേരളത്തിലെ ഗവേഷകർ. പശ്ചിമഘട്ട ജൈവ വൈവിധ്യമേഖലയിൽ നിന്നുമാണ് ‘എപിസ് കരിഞ്ഞൊടിയൻ’ എന്ന തേനീച്ചയെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗുണമേന്മയുള്ള തേനിന്റെ ഉത്പാദനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലും വിദേശത്തുമുള്ള കീടശാസ്ത്രജ്ഞരുടെ സർക്കാരിതര സംഘടനയായ അസോസിയേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് എന്റമോളജിയുടെ (എഎഇ) ഔദ്യോഗിക പ്രസിദ്ധീകരണമായ എന്റോമോൺ ജേണലിന്റെ സെപ്റ്റംബർ ലക്കത്തിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ചത്.
1998-ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച ‘എപിസ് ഇൻഡിക്കയാണ്’ ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിലൊരു പുതിയ കണ്ടെത്തൽ ഉണ്ടാകുന്നത്. എപിസ് കരിഞ്ഞൊടിയൻ തേനീച്ചയുടെ കണ്ടുപിടുത്തത്തോട് കൂടി ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. ഇതോടെ ഇന്ത്യയിൽ നിന്ന് തന്നെ മൂന്നിനം തേനീച്ചകളെ കണ്ടെത്തിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന കർഷകർ ഇന്ന് ‘എപിസ് കരിഞ്ഞൊടിയൻ’ എന്ന തേനീച്ച കൂട്ടത്തെ വളർത്തുന്നുണ്ട്. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ ഇവയെ വളർത്തുന്നത് തേൻ ഉല്പാദനം കൂട്ടാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. മറ്റ് തേനീച്ചകളിൽ നിന്നും അല്പം അപകടകാരികളാണ് ‘എപിസ് കരിഞ്ഞൊടിയൻ’.
കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലുള്ള ഇൻറഗ്രേറ്റഡ് ഫാർമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷനിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. എസ്. ഷാനസ്, ചേർത്തല എസ്.എൻ. കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി അഞ്ജു കൃഷ്ണൻ ജി, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. മഷ്ഹൂർ.കെ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയിരിക്കുന്നത്. ഗോവ, കർണാടക, കേരളം തമിഴ്നാട്ടിലും പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളിലുമാണ് ‘എപിസ് കരിഞ്ഞൊടിയൻ’ പ്രധാനമായും കാണപ്പെടുന്നത്.















