തിരുവനന്തപുരം: കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.കോടതിയുടെ ഉത്തരവിന് വിധേയമാണ് എല്ലാവരുമെന്നും വിധിയെ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രിയാ വർഗീസിനെ നിയമിച്ചിട്ടുള്ളത് കണ്ണൂർ സർവകലാശാലയാണെന്നും കൂടുതൽ വിശദാംശങ്ങൾ അവരോട് ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പ്രിയ വർഗീസിന്റെ നിയമനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും സർവകലാശാലയാണ് അതിന് ഉത്തരം പറയേണ്ടതെന്നും അവർക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഒരു പങ്കുമില്ലെന്നും എന്തെങ്കിലും വിശദീകരണം ചോദിക്കാനുണ്ടെങ്കിൽ അപ്പോയിന്റിങ് അതോറിറ്റിയോട് ചോദിക്കണമെന്നും അതാണ് വിവരമുള്ള പത്രക്കാർ ചെയ്യേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാസങ്ങളായുള്ള വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഏറെ രാഷ്‌ട്രീയ പോരിന് കാരണമായി പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞത്. ഹർജിക്കാരനായ ഡോ. ജോസഫ് സ്‌കറിയയുടെ വാദങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി. കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത പ്രിയയ്‌ക്ക് ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.നിയമനത്തിന് ഗവേഷണകാലം അദ്ധ്യാപനപരിചയമായി കണക്കാനാകില്ലെന്ന് വിധിപ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി.
Comments