ദോഹ:ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കൂടുതൽ താരങ്ങൾ. പോപ് ഗായകരായ ദുവാ ലിപയും ഷക്കീറയും ഉദ്ഘാടനചടങ്ങിനെത്തില്ലെന്ന് അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഖത്തറിലേക്കില്ലെന്ന നിലപാട് ഇരു താരങ്ങളും അറിയിച്ചത്.
‘ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പ്രകടനം നടത്തുമെന്ന് ഇപ്പോൾ ധാരാളം ഊഹാപോഹങ്ങൾ ഉണ്ട്. ഞാൻ പെർഫോം ചെയ്യില്ല. പരിപാടി അവതരിപ്പിക്കാനുള്ള ഒരു ചർച്ചയും നടത്തിയിട്ടില്ല. ഞാൻ ദൂരെ നിന്ന് ഇംഗ്ലണ്ടിനെ സന്തോഷിപ്പിക്കും, ആതിഥേയാവകാശം നേടിയപ്പോൾ ഖത്തർ നടത്തിയ എല്ലാ മനുഷ്യാവകാശ വാഗ്ദാനങ്ങളും നിറവേറ്റുമ്പോൾ ഖത്തർ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ദുവാ കുറിച്ചു.
നേരത്തെ റോഡ് സ്റ്റുവാർഡിനെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ‘അവർ എനിക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്തു, ഏകദേശംഒരു മില്യൺ ഡോളറിലധികം, പക്ഷേ ആ ആശയങ്ങളും മൂല്യങ്ങളും ഉള്ള ഒരു രാജ്യത്തേക്ക് പോകുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നതിനാൽ ഞാൻ അത് നിരസിച്ചുവെന്നായിരുന്നു റോഡ് സ്റ്റുവാർഡിന്റെ പ്രതികരണം. റോബർട്ട് സ്മിത്തും ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.













