ആഗ്രഹിച്ചു പണിത വീടിന് ചെറുതാണെങ്കിൽ പോലും എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ചങ്ക് തകരാറുണ്ട്. വീടുകൾക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നം ഭിത്തികളിൽ ഉണ്ടാകുന്ന ഓട്ട(ദ്വാരം) ആണ്. നിസ്സാരമായി ഇതിനെ കരുതാൻ കഴിയില്ല. ഒരുപക്ഷെ ഭിത്തിയുടെ ബലത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് ഭിത്തികളിൽ ദ്വാരം വീഴുന്നത്. ഇത്തരം ദ്വാരങ്ങൾ ഉറുമ്പുകളുടെയും അപകടകാരികളായ ചെറു പ്രാണികളുടെയും പ്രധാന ആവാസസ്ഥലമായി മാറാറുണ്ട്. പലരും ഭിത്തികളിലെ ഓട്ടകൾ(ദ്വാരങ്ങൾ) എങ്ങനെ വൃത്തിയായി അടയ്‌ക്കാം എന്ന് ചിന്തിക്കുന്നവരാണ്. ഇതിന് എളുപ്പ മാർഗങ്ങൾ എന്താണെന്ന് നോക്കാം,
കുറച്ച് ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള പണിയാണിത്. ദ്വാരം അടയ്‌ക്കാനുള്ള ശ്രമത്തിന്റെ അധ്വാനം, ദ്വാരം എത്ര വലുതാണ് എന്നതിനെ ആശ്രയിച്ചിരിക്കും. വൈറ്റ് സിമിന്റ്, പെയിന്റ്, പുട്ടി കത്തി, സാൻഡ്പേപ്പർ എന്നിവയാണ് വേണ്ടത്. ആവശ്യമായ പെയിന്റ് ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷമെ ഭിത്തിയിലെ ദ്വാരം അടയ്‌ക്കുന്നതിന് വേണ്ടി സാന്റ് പേപ്പർ പിടിക്കാൻ പാടുള്ളു. ആദ്യം സാന്റ് പേപ്പർ വച്ച് ചുമരിലെ പഴയ പെയിന്റ് ഇളക്കി കളയുക. വൃത്തിയാക്കിയ ശേഷം ദ്വാരങ്ങൾ അടയ്‌ക്കാനുള്ള പരിപാടിയിലേയ്‌ക്ക് കടക്കാം.
ചെറിയ ദ്വാരം അടയ്‌ക്കാൻ കുറച്ച് പുട്ടി വിരലിൽ തൂത്ത് എടുക്കുക. ശേഷം സൂക്ഷ്മമായി ദ്വാരത്തിനുള്ളിൽ വിരൽ കൊണ്ട് നിറയ്‌ക്കുക. ശേഷം അതിന് മുകളിൽ വൃത്തിയായി പുട്ടി തലങ്ങനെയും വിലങ്ങനെയും മുഴച്ചു നിൽക്കാത്ത തരത്തിൽ തൂക്കുക. 15 മുതൽ 30 മിനിറ്റ് വരെ അത് ഉണങ്ങാൻ സമയം എടുത്തേക്കാം. കുറച്ചൂടെ വലിയ ദ്വാരങ്ങൾ ആണെങ്കിൽ അതിൽ ചേരുന്ന തരത്തിലുള്ള ചെറിയ തടി കഷ്ണം/പ്ലൈവുഡ് കടത്തി വെയ്‌ക്കുക. ശേഷം പുട്ടി തേക്കുക. കൃത്യമല്ലെങ്കിൽ ഭിത്തി മുഴുച്ചു നിൽക്കും. അതിനാൽ വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും വേണം പുട്ടി തേക്കാൻ. വലിയ ദ്വാരങ്ങൾ ആണെങ്കിൽ സ്വയം ചെയ്യാതിരിക്കുന്നതാവും നല്ലത്. വലിയ ദ്വാരങ്ങൾ അടയ്‌ക്കാൻ മേസ്തിരിമാരെ ഏൽപ്പിക്കുക. എന്തെന്നാൽ പ്ലാസ്റ്ററിംഗ് ഒരു കലയാണ്, അത് ശരിയായി ചെയ്യുന്നത് എളുപ്പമല്ല.















