ദോഹ: മതസദാചാരവാദികളുടെ തിട്ടൂരങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള വേദിയായി ഖത്തർ ലോകകപ്പിനെ മാറ്റിയ ഇറാൻ ടീമിന് പിന്നാലെ, വേറിട്ട പ്രതിഷേധവുമായി ജർമ്മൻ ടീം. ജപ്പാനെതിരായ ഗ്രൂപ്പ് ഇ മത്സരത്തിന് മുന്നോടിയായി, വാ പൊത്തിയായിരുന്നു ടീം ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ‘വൺ ലൗ‘ ആം ബാൻഡ് ധരിക്കുന്നതിൽ നിന്നും ലോകകപ്പ് ടീമുകളെ വിലക്കിയ ഫിഫയുടെ നടപടിക്കെതിരെയായിരുന്നു ജർമ്മനിയുടെ പ്രതിഷേധം.
ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘വൺ ലൗ‘ ആം ബാൻഡ് ധരിക്കാൻ ഏഴ് യൂറോപ്യൻ ടീമുകളുടെ ക്യാപ്ടന്മാരാണ് തയ്യാറായിരുന്നത്. എന്നാൽ, ഫിഫയുടെ നടപടി ഉണ്ടാകും എന്ന് ഉറപ്പായതോടെ ഇവർ പിന്മാറുകയായിരുന്നു. സ്വവർഗരതി ഖത്തറിൽ നിയമവിരുദ്ധമായതിനാലാണ് ഫിഫ നടപടിക്ക് ഒരുങ്ങിയത്.
നേരത്തേ, രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇറാൻ ദേശീയ ഗാനം ബഹിഷ്കരിച്ചിരുന്നു. ഖത്തറിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ, മത്സരം തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഇറാൻ ടീം അത് ഏറ്റുചൊല്ലുകയോ വൈകാരിക ഭാവം പ്രകടമാക്കുകയോ ചെയ്തിരുന്നില്ല. ടീം സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്ന് ഇറാൻ ക്യാപ്ടൻ അലിറെസ ജഹാൻബക്ഷിനെ അധികരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
Comments