ദോഹ: ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ അട്ടിമറികൾ തുടരുന്നു. ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ലികേ ഗുന്ദോഗൻ ജർമ്മനിക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ, റിറ്റ്സു ദൊവാനും ടകുമാ അസാനോയുമാണ് ജപ്പാന്റെ സ്കോറർമാർ.
മത്സരത്തിൽ പെരുമയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ ജർമ്മനി വിയർത്തപ്പോൾ, തകർപ്പൻ ഫുട്ബോൾ പുറത്തെടുത്ത ജപ്പാൻ മുൻ ലോക ചാമ്പ്യന്മാരെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കുകയായിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ജർമ്മനി ലീഡ് നേടിയത്. മാഞ്ചസ്റ്റർ സിറ്റി താരമായ ഗുന്ദോഗന്റെ കിക്ക് കൃത്യമായി വലയിലെത്തുകയായിരുന്നു.
മത്സരത്തിന്റെ അവസാന 15 മിനിറ്റിലായിരുന്നു ജപ്പാന്റെ ഷോക്ക് ട്രീട്മെന്റ്. എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു റിറ്റ്സു ദോവന്റെ സമനില ഗോൾ. ഗോളിൽ പകച്ചു നിന്ന ജർമ്മനിയുടെ വല ആറ് മിനിറ്റുകൾക്ക് ശേഷം ജപ്പാൻ വീണ്ടും കുലുക്കി. ടകുമാ അസാനോയുടേതായിരുന്ന് ഊഴം. തുടർന്ന് സമനിലയ്ക്കായി ജർമ്മൻ ഗോളി ഉൾപ്പെടെ ഇറങ്ങി കളിച്ചുവെങ്കിലും, ജപ്പാൻ പ്രതിരോധം ഭേദിക്കാൻ സാധിക്കാതെ വന്നതോടെ, അനിവാര്യമായ പതനം ഏറ്റുവാങ്ങുകയായിരുന്നു ജർമ്മനി.
Comments