മുഖത്തും ശരീരത്തിലും മൃഗങ്ങളെപോലെ രോമം, കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് മദ്ധ്യപ്രദേശ് സ്വദേശിയായ ലളിതാണ്. രോമാവൃതമായ മുഖം കാരണം സമൂഹത്തിൽ നിന്നും തന്റെ കുട്ടിക്കാലം മുതൽ പരിഹാസം ഏറ്റുവാങ്ങി ജീവിക്കുകയാണ് ഈ 17 കാരൻ. വേർവുൾ സിൻഡ്രം എന്ന അസുഖമാണ് ലളിതിന്റെ മുഖത്തെയും ശരീരത്തിലെയും ഈ അമിത രോമ വളർച്ചയ്ക്ക് കാരണം.
പ്ലസ് ടു വിദ്യാർത്ഥിയായ ലളിതിന് ആറാം ക്ലാസിലാണ് വേർവുൾഫ് സിൻഡ്രം അഥവാ ഹൈപ്പർട്രൈക്കോസിസ് ബാധിച്ചത്. ആദ്യം സാധാരണ രോമ വളർച്ചയായാണ് ഇതിനെ കണക്കാക്കിയത് എങ്കിലും പിന്നീട് മുഖവും ശരീരവും രോമം കൊണ്ട് നിറഞ്ഞതോടെ ചികിത്സ തേടി. അപ്പോഴാണ് വേർവൂൾഫ് സിൻഡ്രം എന്ന പ്രതിവിധിയില്ലാത്ത അസുഖ ബാധിതനാണ് എന്ന് വ്യക്തമായത്.
കുട്ടിക്കാലം മുതൽ അസുഖത്തിന്റെ പേരിൽ വലിയ പരിഹാസമാണ് ലളിത് നേരിട്ടത്. ശരീരത്തിലെയും മുഖത്തെയും രോമം കണ്ട് ഭയന്ന് കുട്ടികൾ ലളിതിനെ കല്ലുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. ലളിത് മൃഗമാണെന്ന് ആയിരുന്നു കുട്ടികളുടെ ധാരണ. എത്രയോ തവണ കുരങ്ങൻ എന്ന് വിളിച്ച് കുട്ടികളും വലിയവരും അധിക്ഷേപിക്കാറുണ്ടെന്നും ലളിത് വേദനയോടെ പറയുന്നു.
അൽപ്പം വേദനയോടെയാണെങ്കിലും ഇന്ന് യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് ലളിത്.
ബ്ലീച്ച് ചെയ്തും, ഷേവ് ചെയ്തും ശരീരത്തിലെ രോമം ലളിത് കളയാറുണ്ട്. രോമവളർച്ച കുറയുന്നതിനുള്ള ലേസർ ട്രീറ്റ്മെന്റ് പോലുള്ള ചികിത്സാ രീതിയുടെ സഹായവും ഈ 17 കാരൻ തേടുന്നുണ്ട്.
എന്താണ് വേർവൂൾഫ് സിൻഡ്രം
————————————–
ശരീരം മുഴുവനായോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഭാഗത്തോ ആയി അസാധാരണമാം വിധം രോമങ്ങൾ വളരുന്ന അപൂർവ്വ അവസ്ഥയാണ് വേർവൂൾഫ് സിൻഡ്രം. മരുന്നുകൾ കണ്ടുപിടിക്കാത്ത ഈ അവസ്ഥയെ ജനിതക രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. പ്രായ- ലിംഗ ഭേദമില്ലാത്തെ എല്ലാവരിലും ഈ അവസ്ഥ കാണപ്പെട്ടേക്കാം.
ജനന സമയത്തോ, അല്ലെങ്കിൽ കുട്ടിക്കാലത്തോ തന്നെ രോഗമുള്ളവരിൽ അമിത രോമ വളർച്ച കാണപ്പെടും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടൽ വലിയ മാനസിക ബുദ്ധിമുട്ടാണ് ഈ വേർവൂൾഫ് സിൻഡ്രം ബാധിച്ചവരിൽ ഉണ്ടാകുക. ലോകത്ത് ഇതുവരെ 50 പേരിൽ മാത്രമാണ ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. എന്താണ് ഈ അസുഖത്തിന് കാരണമാകുന്നത് എന്നത് വൈദ്യശാസ്ത്രത്തിൽ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്.
Comments