രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയതിന് ശേഷമുള്ള അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിക്ക് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളാണ് നടന്നത്. ദീപോത്സവത്തിലിന്റെ ഭാഗമായി 25 ലക്ഷത്തിലധികം മൺചെരാതുകളാണ് അയോദ്ധ്യയിലുടനീളം പ്രകാശം പരത്തിയത്. രണ്ട് ഗിന്നസ് ലോക റെക്കോർഡുകളാണ് ദീപോത്സവത്തിലൂടെ അയോദ്ധ്യയ്‌ക്ക് സ്വന്തമായത്.
സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡി ഉൾപ്പെടെ 55 ഘാട്ടുകളിൽ 25 ലക്ഷത്തിലധികം മൺചെരാതുകൾ ഒരുമിച്ച് തെളിയിക്കുകയും 1,121 വേദാചാര്യന്മാർ ഒരേസമയം ‘ആരതി’ നടത്തുകയും ചെയ്തുകൊണ്ടാണ് ഈ റെക്കോർഡുകൾ സ്ഥാപിച്ചത്. ഡ്രോണുകൾ ഉപയോഗിച്ചാണ് ഡയസുകൾ എണ്ണി തിട്ടപ്പെടുത്തിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ എക്സ് പേജിൽ ദീപാലംകൃതമായ അയോദ്ധ്യയുടെ ആകാശ ദൃശ്യങ്ങൾ പങ്കുവച്ചു. മറ്റൊരു പോസ്റ്റിൽ ആരതി ചടങ്ങുകളുടെയും ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
New record: Largest display of oil lamps 🪔 2,512,585 in Ayodhya, Uttar Pradesh, India #happydiwali pic.twitter.com/m7pb5FUN96
— Guinness World Records (@GWR) November 1, 2024
ഗിന്നസ് ലോക റെക്കോർഡ് അനുസരിച്ച് ഇത് ഏഴാം തവണയാണ് അയോദ്ധ്യ ഏറ്റവും കൂടുതൽ മൺ ചെരാതുകൾ പ്രദർശിപ്പിച്ചതിന്റെ റെക്കോർഡ് തകർക്കുന്നത്. 2021 നവംബറിലായിരുന്നു ആദ്യത്തേത്. ദീപോത്സവത്തിനു നടന്ന പരിപാടികളിൽ 30,000-ലധികം സന്നദ്ധപ്രവർത്തകരും കോളേജ് വിദ്യാർത്ഥികളുമാണ് വിളക്കുകൾ തെളിയിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സർട്ടിഫിക്കറ്റ് നൽകി.