തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സമരം തുടരുന്നത്. ഒരു മാസത്തോളമായി വനിതാ കൗൺസിലർമാർ ഉൾപ്പെടെ സമരത്തിലാണ്.
അതിനിടെ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് വനിതാ കൗൺസിലർമാരെ നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജു അപമാനിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ നഗരസഭാ മെയിൻ ഓഫീസിൽ പ്രവേശിച്ച രാജു യുഡിഎഫ് വനിതാ കൗൺസിലർമാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറയുകയും മുണ്ട് ഉയർത്തിക്കാട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് പരാതി. യുഡിഎഫ് തിരുവനന്തപുരം നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് പി പത്മകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിലെ കരാർ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയക്കാൻ തയ്യാറാക്കിയ കത്ത് പുറത്തു വന്നതോടെ നഗരസഭയിൽ എൽഡിഎഫ് പ്രതിസന്ധിയിലാണ്. കത്തിന്റെ പിതൃത്വം മേയറും നാഗപ്പനും നിഷേധിച്ചുവെങ്കിലും, പാർട്ടിക്കാർ പോലും ഈ വിഷയത്തിൽ രണ്ടു തട്ടിലാണ് എന്നാണ് വിവരം.
Comments