ഇന്ത്യയിലെ തങ്ങളുടെ 718 , 911, ടെയ്കാൻ ശ്രേണികളിൽ പുതിയ മോഡലുകളെ അവതരിപ്പിച്ച് പോർഷെ. 718 ശ്രേണിയിൽ 1.44 കോടി രൂപയുടെ കേമാൻ, 1.48 കോടി രൂപ വിലയുള്ള ബോക്സ്റ്റർ സ്റ്റൈൽ പതിപ്പുകൾ കമ്പനി ഉൾപ്പെടുത്തി. അതേസമയം 911 ശ്രേണിയിൽ പുതിയ Carrera T വേരിയന്റിനെയാണ് പോർഷെ ഉൾപ്പെടുത്തിയത്. ഇതിന്റെ വില 1.81 കോടി രൂപയാണ്. 1.95 കോടി രൂപ വിലയുള്ള ഒരു പുതിയ GTS മോഡലുമായി ടെയ്കാൻ ശ്രേണിയും കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇവ ഓരോന്നും പരിശോധിക്കാം,
പോർഷെ 718 കേമാൻ, ബോക്സ്സ്റ്റർ സ്റ്റൈൽ പതിപ്പുകൾ- 718 കേമാൻ, ബോക്സ്റ്റർ സ്റ്റൈൽ പതിപ്പുകളുടെ പ്രധാന ആകർഷണം അവയുടെ നിറം തന്നെയാണ്. ആർട്ടിക് ഗ്രേ നിറത്തിൽ കറുത്ത ആക്സന്റുകളോടെയാണ് കേമാൻ വരുന്നത്. അതേസമയം ബോക്സ്റ്ററിന് വെളുത്ത തിളക്കമുള്ള റൂബി സ്റ്റാർ നിയോ ഷേഡ് ലഭിക്കുന്നു. മോഡലുകളുടെ ബോണറ്റിലും വശങ്ങളിലും 20 ഇഞ്ച് അലോയ് വീലുകളിലും വ്യത്യസ്ത നിറങ്ങൾ കമ്പനി നൽകുന്നു. സ്റ്റൈൽ എഡിഷൻ മോഡലുകൾക്ക് ഒരു ലെതർ പാക്കേജും ലഭിക്കുന്നു. കറുത്ത ലെതർ അപ്ഹോൾസ്റ്ററിയും കോൺട്രാസ്റ്റിംഗ്, വെളുത്ത നിറത്തിലുള്ള സ്റ്റിച്ചിംഗുമാണ് ഇവയ്ക്ക് നൽകുന്നത്. ഡോർ സിൽ പാനലുകൾ സ്റ്റെയിൻലെസ് സ്റ്റീലിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് മോഡലുകളിലും ഹീറ്റഡ് സ്റ്റിയറിംഗും സീറ്റുകളും, ടു സോൺ എസി, പാർക്കിംഗ് സഹായം എന്നിവയും ഉണ്ട്. 718 കേമാനും, ബോക്സ്സ്റ്റർ സ്റ്റൈൽ പതിപ്പും 300 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണാണ് മോഡലുകൾക്ക്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്.
പോർഷെ 911 കരേര T- പുതിയ 911 കരേര T സ്ലോട്ടുകൾ ബേസ് കരേരയ്ക്കും ഉയർന്ന സ്പെക്ക് കരേര S-നും ഇടയിലാണ്. അടിസ്ഥാന കരേര മോഡലിൽ നിന്നുള്ളതിന് സമാനമായി 385 ബിഎച്ച്പി, 450 എൻഎം ടോർക്കും കരേര T ഉദ്പാദിപ്പിക്കുന്നു. 3.0-ലിറ്റർ, ഫ്ലാറ്റ്-സിക്സ് ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 911 കരേര T-യ്ക്ക് കരേര S-ൽ നിന്നും വ്യത്യസ്തമായി ഒരു മെക്കാനിക്കൽ റിയർ ഡിഫറൻഷ്യൽ ലോക്ക് ലഭിക്കുന്നു. ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ബേസ് കരേരയേക്കാൾ 35 കിലോ ഭാരം കുറവാണിതിന്. 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് കരേര T-യ്ക്ക് ലഭിക്കുന്നത്.
പോർഷെ ടെയ്കാൻ ജിടിഎസ്- എൻട്രി ലെവൽ ടെയ്കാൻ 4S-നും ഉയർന്ന ടർബോ വകഭേദങ്ങൾക്കുമിടയിലാണ് പുതിയ ടെയ്കാൻ ജിടിഎസ് ഇടം പിടിക്കുന്നത്. ടെയ്കാൻ 4S-ലെ 79.2kWh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന ടർബോ വേരിയന്റുകൾക്ക് സമാനമായി ടെയ്കാൻ ജിടിഎസ്സിന് വലിയ 93.4kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. 590 ബിഎച്ച്പി കരുത്ത് ടെയ്കാൻ ജിടിഎസ് ഉത്പാദിപ്പിക്കുന്നു. വെറും 3.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടെയ്കാൻ ജിടിഎസ്സിന് സാധിക്കും. ഒറ്റ ചാർജിൽ 504km സഞ്ചരിക്കാൻ കഴിയുന്ന മോഡലിന്റെ പരമാവധി വേഗത 250kph ആണ്.
Comments