ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ലംബോർഗിനി ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഡംബരത്തിനൊപ്പം കരുത്തും വേഗതയും ഒത്തു ചേർന്ന ലംബോർഗിനി ഉറുസിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ ഉറുസ് പെര്‍ഫോമെന്റെ ആണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വെറും 3.3 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ എത്താൻ ഉറുസ് പെർഫോമന്റിന് കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലാണ് ഈ സൂപ്പർ കാർ പുറത്തിറങ്ങുന്നത്.
റെഗുലര്‍ മോഡലില്‍ നിന്നും കുറച്ച് പുതുമകളുമായി എത്തിയ ഉറുസ് പെര്‍ഫോമെന്റെയുടെ എക്സ്ഷോറൂം വില 4.22 കോടി രൂപയാണ്. പുതിയ മോഡൽ കൂടി വന്നതോടെ ഉറുസ് നിരയില്‍ രണ്ട് പതിപ്പുകളായി. ലുക്കിലടക്കം നേരിയ മാറ്റങ്ങളോടെയാണ് പെർഫോമെന്റെ വന്നിരിക്കുന്നത്. കൂളിംഗ് വെന്റുകള്‍ നല്‍കിയിട്ടുള്ള പുതിയ ബോണറ്റ്, അഗ്രസീവ് ഭാവമുള്ള ബമ്പര്‍, പുതിയ ഡിസൈനില്‍ വെന്റുകളോടെയുള്ള റിയര്‍ ബമ്പര്‍, ഓപ്ഷണലായി നല്കുന്ന 23 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്‍.
മെക്കാനിക്കലായി ഉറുസ് എസ് മോഡലിനെ പിന്തുടര്ന്നാണ് പെര്‍ഫോമെന്റെ പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍, ഉറുസ് എസ് മോഡലിനേക്കാൾ 16 എച്ച്പി അധിക കരുത്ത് പെര്‍ഫോമെന്റെയുടെ എഞ്ചിൻ ഉത്പാദിപ്പിക്കും. 666 എച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോ മീറ്ററാണ്.
Comments