ദോഹ: അൽ സുമാമാ സ്‌റ്റേഡിയത്തിൽ ഞെട്ടൽ. എന്നും അട്ടിമറി ശീലിച്ച ക്രൊയേഷ്യൻ നിര ജയത്തിന് തുല്യമായ സമനിലയോടെ അവസാന 16ൽ ഇടംപിടിച്ചു. ഗോൾരഹിത മത്സരത്തിൽ സമനിലയിലും അടിതെറ്റി ലോകറാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം 2022 ലോകകപ്പിൽ നിന്നും പുറത്തായി. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ഇരുടീമുകളും മികച്ച ഷോട്ടുകൾ പായിച്ചിട്ടും ലക്ഷ്യം കാണാനായില്ല. ഒരു സമനില മതിയായിരുന്നു ക്രൊയേഷ്യയ്‌ക്ക്. എന്നിട്ടും എതിരാളികളുടെ പാളയത്തിലേയ്‌ക്ക് ഇരച്ചുകയറുന്നതിലായിരുന്നു ശ്രദ്ധ. ആക്രമണ ശൈലി തന്നെയാണ് മോഡ്രിച്ചും കൂട്ടരും പുറത്തെടുത്തത്. എന്നാൽ പലതവണ ക്രൊയേഷ്യൻ പോസ്റ്റിനടുത്ത് പന്ത് കിട്ടിയിട്ടും ബെൽജിയത്തിന് നിർണ്ണായക മത്സരത്തിൽ ഗോൾ നേടാനാകാതിരുന്നത് വിനയായി. കടുത്ത നിരാശയോടെയാണ് ലൂക്കാക്കു അടക്കമുളള താരങ്ങൾ മൈതാനത്ത് തലതാഴ്‌ത്തി ഇരുന്നത്.
ഗ്രൂപ്പ് എഫിൽ കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ 7 പോയിന്റുകളോടെ ഒന്നാമന്മാരായി ഉശിരോടെ പ്രീക്വാർട്ടറിൽ കടന്നു. രണ്ടാം സ്ഥാനക്കാരായിട്ടാണ് ക്രൊയേഷ്യ അവസാന 16ലേയ്‌ക്ക് കയറിയത്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും മാത്രം സ്വന്തമാക്കി 4 പോയിന്റോടെ ബെൽജിയം മൂന്നാം സ്ഥാനത്തും മൊറോക്കോയോട് തോറ്റതോടെ കാനഡ ഒരു പോയിന്റ് പോലും നേടാനാകാതെ അവസാനക്കാരായുമാണ് പുറത്തായത്.
മോഡ്രിച്ചിന്റെ ചടുലൻ നീക്കങ്ങളും ലൂക്കാക്കുവിന്റെ അളന്നുകുറച്ചുള്ള ഷോട്ടുകളും ലക്ഷ്യം കാണാതിരുന്ന മത്സരമായിരുന്നു നടന്നത്. പലതവണ ചാട്ടുളിപോലെ ബെൽജിയൻ ഗോൾമുഖത്ത് മോഡ്രിച്ച് കടന്നുകയറിയെങ്കിലും ഗോൾ പിറന്നില്ല. പകരത്തിന് പകരമായി റൊമേലൂ ലൂക്കാക്കു ബോക്‌സിനടുത്ത് നടത്തിയ രണ്ട് സുവർണ്ണാവസരങ്ങളും ക്രൊയേഷ്യൻ ഗോളിയുടെ കൈകളിൽ ഒതുങ്ങിയതോടെ ബെൽജിയൻ പ്രതീക്ഷകൾ തകർന്നു വീഴുകയായിരുന്നു.
ജയത്തോടെ ക്രൊയേഷ്യയുടെ അട്ടിമറി താരങ്ങളായ നായകൻ ലൂക്കാ മോഡ്രിച്ചും മുന്നേറ്റനിരയിലെ പെരിസിച്ചിനും ലോകകപ്പ് നേടാനുള്ള അവസരം കൈവന്നിരി ക്കുകയാണ്. ഇനി മുന്നിലുളളത് നാല് കടമ്പകൾ മാത്രം. അതേസമയം ഇന്ന് തോറ്റതോടെ ബെൽജിയത്തിന്റെ സുവർണ്ണതാരങ്ങളായ ഈഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനും യാൻ വെർട്ടോംഗനും വലകാക്കുന്ന തിബോ ക്വോർത്വയും ലോകകപ്പ് വേദികളിൽ ഇനി ഒരു ബാല്യത്തിന് അവസരമില്ലാതെ മടങ്ങുകയാണ്. കൂട്ടത്തിൽ ആരോഗ്യം അനുവദിക്കുമെങ്കിൽ 29കാരൻ ലൂകാക്കുവിന് ഒരു ലോകകപ്പിന് കൂടി അവസരമുണ്ട്.
Comments