തൃശ്ശൂർ: പുതുക്കി നിർമ്മിച്ച ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്കെതിരെ പരാതിയുമായി ആനപ്രേമികൾ. പ്രതിമയ്ക്ക് ആനച്ചന്തമില്ലെന്ന് കാട്ടിയാണ് ആന പ്രേമികൾ രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ പ്രതിമയ്ക്കും കേശവനും തമ്മിൽ ബന്ധമില്ലെന്നാണ് ഇക്കൂട്ടരുടെ ആരോപണം.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ കേശവന്റെ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. വഴിപാടായാണ് പ്രതിമ പുതുക്കി നിർമ്മിച്ചത്. എന്നാൽ പുതിയ പ്രതിമയുടെ മസ്തകങ്ങളും, വശങ്ങളും കേശവന്റേതുമായി സാമ്യമില്ലെന്നാണ് ആന പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. പ്രതിമയുടെ പുന:ർനിർമ്മാണം പുരോഗമിക്കുന്നതിനിടെ തന്നെ ഗുരുവായൂർ കേശവനുമായി ബന്ധമില്ലെന്ന പരാതികൾ ഉയർന്നിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ട് പോകുകയായിരുന്നു. ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് ആനച്ചന്തം പോരെന്ന പരാതി ആന പ്രേമികൾ ദേവസ്വം അധികൃതരെയും അറിയിച്ചിട്ടുണ്ട്.
ഏകാദശിയ്ക്ക് മുൻപ് പ്രതിമ ആളുകൾക്കായി തുറന്ന് നൽകേണ്ടതിനാലാണ് പരാതി ഗൗനിക്കാതിരുന്നതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. 1982 ലായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂർ കേശവന്റെ പ്രതിമ നിർമ്മിച്ചത്. അന്നും ആനച്ചന്തം പോരെന്ന തരത്തിൽ പരാതികളും വിമർശനങ്ങളും ഉയർന്നിരുന്നു.
Comments