രാജ്യത്തെ ആദ്യ മസിൽ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്കോ തേജസ്. ‘ഇ-ഡൈറോത്ത്’ എന്ന ഹൈ-സ്പീഡ് ക്രൂയിസർ ഇലക്ട്രിക് ബൈക്കാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ഹാർലി ഡേവിഡ്സണിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ആദ്യ ഇന്ത്യൻ നിർമ്മിത മസിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ ആന്ധ്രാപ്രദേശിലെ സ്റ്റാർട്ടപ്പ് കമ്പനിയായ എക്കോ തേജസ് പുറത്തിറക്കിയിരിക്കുന്നത്. 2022 ഡിസംബർ മുതൽ ‘ഇ-ഡൈറോത്ത്’ വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
‘ഹാർലി ഡേവിഡ്സണിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇ-ഡൈറോത്ത്’ നിർമ്മിച്ചിരിക്കുന്നത്. ബാറ്ററി, കൺട്രോളർ, ഡിസ്പ്ലേ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും വരാത്ത തരത്തിലാണ് സ്മാർട്ട് ബൈക്കിൽ സംയോജിപ്പിച്ചിരിക്കുന്നത്. സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിനായി എല്ലാത്തരം സ്മാർട്ട് ഫീച്ചറുകളും നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷനുകൾ, പോയിന്റ്-ടു-പോയിന്റ് നാവിഗേഷൻ തുടങ്ങിയവ ഡാഷ്ബോർഡിൽ കാണിക്കുന്നതിനൊപ്പം വാഹനം മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാനും സാധിക്കും’ എന്ന് കമ്പനി വ്യക്തമാക്കി.
ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. മറ്റൊരു സ്പെയർ ബാറ്ററി കൂടി ഉൾക്കൊള്ളാനുള്ള ഓപ്ഷനും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് വാഹനത്തെ 300 കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമാക്കും. വാഹനം വാങ്ങുന്നയാൾക്ക് 72 വോൾട്ട്/60 ah ബാറ്ററിയും ലഭിക്കും. കൂടാതെ സർക്കാർ സബ്സിഡികൾക്കും അർഹതയുണ്ടായേക്കാം. വാങ്ങുന്നയാൾ ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നതെങ്കിൽ, വാഹനയുടമയുടെ പാർക്കിംഗ് സ്ഥലത്ത് ഒരു ചാർജിംഗ് സ്റ്റേഷൻ കമ്പനിയുടെ ഡീലർമാർ സ്ഥാപിച്ച് നൽകും.
1.30 ലക്ഷം രൂപയാണ് ഇലക്ട്രിക് ബൈക്കിന്റെ എക്സ്ഷോറൂം വില. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഒറീസ്സ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവയുൾപ്പെടെ 10 ഇന്ത്യൻ സംസ്ഥാനങ്ങളിൽ എക്കോ തേജസ് ഡീലർ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ കമ്പനി ഡീലർമാരെ കണ്ടെത്തിയിട്ടില്ല. നിലവിൽ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് നടക്കുകയാണ്.
Comments