അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് ഏരിയയിലുള്ള നിഷാൻ ഹൈസ്‌കൂൾ പോളിംഗ് സ്‌റ്റേഷനിൽ രാവിലെ 9.30-ഓടെയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിക്കാൻ എത്തിയത്. അല്പ നേരം ക്യൂവിൽ നിന്ന ശേഷമാണ് നരന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്.
പോളിംഗ് സ്‌റ്റേഷന് മുന്നിൽ തന്നെ സ്വീകരിക്കാനെത്തിയ നാട്ടുകാരെ അഭിവാദ്യം ചെയ്ത ശേഷം മഷി പുരട്ടിയ വിരലും പ്രധാനമന്ത്രി ഉയർത്തി കാണിച്ചു. തുടർന്ന് പോളിംഗ് സ്‌റ്റേഷന് സമീപം താമസിക്കുന്ന സഹോദരൻ സോമ മോദിയുടെ വീടും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. മാദ്ധ്യമങ്ങളോട് സംസാരിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന് മോദി നന്ദി അറിയിച്ചു. ‘ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ വോട്ടർമാർ ജനാധിപത്യത്തിന്റെ ഈ ഉത്സവം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും ആഘോഷിച്ചു. വോട്ട് രേഖപ്പെടുത്താനെത്തിയ ജനങ്ങളെയും, വളരെ ഗംഭീരമായി തിരഞ്ഞെടുപ്പ് നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും ഞാൻ അഭിനന്ദിക്കുന്നു’ എന്ന് നരേന്ദ്രമോദി പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 93 നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പടെ 61 രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 833 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സൗരാഷ്‌ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേയ്‌ക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബർ 1-ന് നടന്നപ്പോൾ ശരാശരി 63.31 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 182 നിയമസഭാ സീറ്റുകളിലേയ്‌ക്കുള്ള വോട്ടണ്ണൽ ഡിസംബർ 8-ന് നടക്കും.
Comments