ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്ക് ടിവിയുടെ അഭിപ്രായ സർവ്വേയിലാണ് ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പ്രവചിച്ചിരിക്കുന്നത്. 182 സീറ്റുകളുള്ള ഗുജറാത്തിൽ 124 മുതൽ 148 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് റിപ്പോർട്ട്. 2017ലെ നിയസമഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ സ്വന്തമാക്കിയായിരുന്നു ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്. ഇത്തവണ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ കയ്യടക്കുമെന്നാണ് പ്രവചനം.
30-42 സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കാൻ സാധ്യത. നേരത്തെയുണ്ടായിരുന്ന രണ്ട് മുതൽ പത്ത് സീറ്റുകൾ വരെ ആംആദ്മിയിലേക്ക് പോകുമെന്നും അഭിപ്രായ സർവേ സൂചിപ്പിക്കുന്നു. തൽഫലമായി ഗുജറാത്തിൽ ആദ്യമായി എഎപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചേക്കും. ഒവൈസിയുടെ എഐഎംഐഎമ്മിന് 0-3 സീറ്റുകൾ കിട്ടിയേക്കുമെന്നും സൂചനയുണ്ട്.
അഭിപ്രായ സർവ്വേ പ്രകാരം ബിജെപിക്ക് 48.2 വോട്ടുശതമാനമാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 32.6 ശതമാനവും എഎപിക്ക് 15.4 ശതമാനവും വോട്ട് ലഭിച്ചേക്കും. സ്വതന്ത്ര സ്ഥാനാർത്ഥികളും മറ്റും 3.8 ശതമാനം വോട്ട് നേടിയേക്കാം.
182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങൾ പട്ടികജാതിക്കും 24 എണ്ണം പട്ടിക വർഗത്തിനും അവകാശപ്പെട്ടതാണ്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടം അഞ്ചിന് 93 മണ്ഡലങ്ങളിലുമാണ് നടന്നത്. 63.3 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിൽ പോളിംഗ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ 65 ശതമാനം പോളിംഗുണ്ടായിരുന്നു. എട്ടാം തീയതിയാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.
Comments