ന്യൂഡൽഹി: 33 ആഴ്‌ച്ച പ്രായം വരുന്ന ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. 26 വയസുള്ള യുവതി നൽകിയ ഹർജിയിലാണ് അമ്മയ്‌ക്ക് അനുകൂലമായ വിധിയുണ്ടായത്. അമ്മയുടെ തീരുമാനം അന്തിമമാണെന്ന നീരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ എം സിംഗിന്റേതാണ് സുപ്രധാന വിധി പ്രസ്താവം.
ഗർഭസ്ഥ ശിശുവിന് ഗുരുതരരോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു യുവതി ഗർഭച്ഛിദ്രത്തിന് അനുമതി തേടിയത്. ഗർഭസ്ഥ ശിശുവിന് ന്യൂറോൺ സംബന്ധമായ തകരാറുകൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് 22-24 ആഴ്ചകൾ പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി ആവശ്യമായതിനാൽ യുവതി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അടക്കം വിഷയത്തിൽ കോടതി തേടിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും അതിജീവിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ആശുപത്രി അധികൃതർ നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അമ്മയ്‌ക്ക് ആശങ്കയുള്ളതിനാലും പ്രസവിക്കാൻ താൽപര്യമില്ലാത്തതിനാലും യുവതിയുടെ തീരുമാനമാണ് അന്തിമമെന്ന് കോടതി പ്രസ്താവിക്കുകയായിരുന്നു. കുഞ്ഞിനെ പ്രസവിക്കണമോ വേണ്ടയോ എന്നുള്ളത് അമ്മയുടെ തീരുമാനമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് കോടതി ഉത്തരവ്.















