മലപ്പുറം: കുട്ടികളെ പ്രലോഭിപ്പിച്ച് മാല മോഷ്ടിക്കുന്ന കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ. മിഠായി ബഷീർ എന്നറിയപ്പെടുന്ന പേരാമ്പ്ര സ്വദേശി ബഷീർ ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.
കുട്ടികൾക്ക് മിഠായി നൽകിയാണ് ഇയാൾ മോഷണം നടത്തുക. മിഠായി കാണിച്ച് കുട്ടികളെ അടുത്തെത്തിച്ച് മാലയുമായി കടന്നുകളയുകയാണ് ഇയാളുടെ രീതി. സ്വർണത്തിന് പുറമേ വാഹനവും ഇയാൾ മോഷ്ടിക്കാറുണ്ട്.
അടുത്തിടെ ബൈക്ക് മോഷ്ടിച്ചതിന് പരപ്പനങ്ങാടിയിലും, കുട്ടികളുടെ മാല മോഷ്ടിച്ചതിന് കൊളത്തൂർ, കൽപ്പകഞ്ചേരി എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ബഷീറിനെ അറസ്റ്റ് ചെയ്തത്.
മാലയും ബൈക്കും മോഷ്ടിച്ചതിന് പിന്നാലെ ഇയാൾ എറണാകുളത്തേക്ക് ഒളിവിൽ പോയിരുന്നു. ബഷീറിന്റെ സഹായിയായ ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾ എവിടെയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളികൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു ഇയാൾ. തിരൂർ കൽപ്പകഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്.
Comments