‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം തള്ളി സിനിമയുടെ സംവിധായകനും നിർമ്മാതാക്കളും. സിനിമയിൽ പണിയെടുത്ത പലർക്കും പ്രതിഫലം നൽകിയില്ലെന്നാരോപിച്ച് നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളാണ് ബാല ഒരു ഓൺലൈൻ മീഡിയയിലൂടെ ഉന്നയിച്ചത്. ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. നിർമ്മാതാക്കൾ താനുൾപ്പടെയുള്ളവർക്ക് പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം പറഞ്ഞു.
‘നടൻ ബാല ഒരു ഓൺലൈൻ ചാനലിൽ നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ എന്റെ അറിവിൽ കൊടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും വിജയം നേടിയ സന്തോഷത്തിലുമാണ് ഞങ്ങൾ. ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ട്’ എന്ന് അനൂപ് പന്തളം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘നമ്മളെല്ലാവരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി’ എന്ന് നടൻ മിഥുൻ രമേശും പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം ശരിയല്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ പ്രതികരിച്ചു. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നിട്ടില്ല എന്ന് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറായ വിനോദ് മംഗലം പറഞ്ഞു. ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല സിനിമയില്‍ അഭിനയിക്കാൻ തയ്യാറായത്. എന്നാല്‍ രണ്ട് ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലമായി തങ്ങൾ നല്‍കിയെന്നും വിനോദ് മംഗലം വ്യക്തമാക്കി.
Comments