ലക്‌നൗ: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 57 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് മഥുരയിലെ അതിവേഗ കോടതി. 30-കാരനായ സതീഷിനാണ് വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശിലെ കോട്ട് വാലി മേഖലയിലെ സൗങ്ക് സ്വദേശിയാണ് പ്രതി. അയൽവീട്ടിലെ കുട്ടിയെയായിരുന്നു ഇയാൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
ഒക്ടോബർ രണ്ടാം വാരമായിരുന്നു കേസിനാസ്പദമായ സംഭവം. മധുരപലഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു. കേസന്വേഷണം ആരംഭിച്ച് തൊട്ടടുത്ത ദിവസം തന്നെ ഉത്തർപ്രദേശ് പോലീസ് പ്രതിയെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ ഇരുപതോളം സാക്ഷികളെയും പോലീസ് കോടതിയിൽ ഹാജരാക്കി.
നവംബർ 24 ആകുമ്പോഴേക്കും പത്ത് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. 25ന് കേസിലെ വാദം പൂർണമായും അവസാനിച്ചു. ഡിഎൻഎ പരിശോധനാഫലം വരുന്നതിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഡിസംബർ അഞ്ചിന് ഫലം വന്നതോടെ കേസിന്റെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചതായും യുപി പോലീസ് അറിയിച്ചു.
Comments