‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന നടൻ ബാലയുടെ ആരോപണം തള്ളി നടൻ ഉണ്ണി മുകുന്ദൻ. സിനിമയിൽ പണിയെടുത്ത പലർക്കും പ്രതിഫലം നൽകിയില്ലെന്നാരോപിച്ച് നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളാണ് ബാല ഒരു ഓൺലൈൻ മീഡിയയിലൂടെ ഉന്നയിച്ചത്. എന്നാൽ, ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ പണിയെടുത്ത ഒരാൾക്ക് പോലും പണം നൽകാതിരുന്നിട്ടില്ലെന്നും ബാലയ്ക്ക് 2 ലക്ഷം രൂപ പ്രതിഫലമായി നൽകിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അസിസ്റ്റന്റ് ക്യാമറമാൻ എല്‍ദോ ഐസക്കിന് പ്രതിഫലം കിട്ടിയില്ല എന്ന ആരോപണവും തെറ്റാണ്. എട്ട് ലക്ഷം രൂപയായിരുന്നു എൽദോയ്ക്ക് പ്രതിഫലമായി തീരുമാനിച്ചത്. 35 ദിവസം ചിത്രീകരണം തീരുമാനിച്ച സിനിമ 21 ദിവസം കൊണ്ട് തീര്‍ന്നു. ആ സാഹചര്യത്തിലാണ് പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കുറച്ചത്. ഇത് സാധാരണയായി നടക്കാറുള്ളതാണെന്നും ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറായ വിനോദ് മംഗലവും പറഞ്ഞു.
അതേസമയം, സുഹൃത്തു കൂടിയ ബാലയുടെ ആരോപണങ്ങളിൽ വളരെ വൈകാരികമായാണ് നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് താൻ എന്ന പേരിൽ സിനിമ ഇറങ്ങിയ ശേഷം പ്രതിഫലം ബാല കൂട്ടി ചോദിച്ചു എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. സൗഹൃദത്തിന് വളരെയധികം വില കൽപ്പിക്കുന്ന ഒരാളാണ് താൻ. ബാലയുടെ ആരോപണങ്ങൾ തന്നെ സംബന്ധിച്ച് വളരെ ഗുരുതരമാണെന്നും തനിക്കത് ഷോക്കായി പോയെന്നും താരം പ്രതികരിച്ചു.
‘സിനിമയിൽ വർക്ക് ചെയ്ത ടെക്നീഷ്യൻസിന് പണം നൽകിയില്ല എന്നത് ഗുരുതര ആരോപണമാണ്. ബാലയ്ക്കുള്ള മറുപടിയായല്ല ഞാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്ന കുറേ പേരുണ്ട്. അവർ സത്യം മനസ്സിലാക്കണം. ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രതി ഫലം പോലും വാങ്ങാതെയാണ് ഞാൻ അഭിനയിച്ചത്. അതൊരു മഹത്തായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അത് സൗഹൃദത്തിന്റെ പേരിലാണ്. ഒരു സുഹൃത്ത് എന്ന നിലയിൽ ബാലയുടെ രണ്ടാം വിവാഹത്തിൽ മലയാള സിനിമയിൽ നിന്ന് പങ്കെടുത്തത് ഒരുപക്ഷെ ഞാൻ മാത്രമായിരിക്കും. ബാലയുടെ വ്യക്തി ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് ഞാൻ ശ്രദ്ധിക്കാറില്ല. സുഹൃത്തായ ബാല ഷെഫീക്കിന്റെ സന്തോഷത്തിൽ ഒരു വേഷം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ചു നാളായി സിനിമയിൽ സജീവമല്ലാത്ത സുഹൃത്തിന് നല്ല ഒരു റോൾ കിട്ടട്ടെ എന്നോർത്താണ് സിനിമയിലേയ്ക്ക് വിളിച്ചത്. ലാസ്റ്റ് അഭിനയിച്ച ചിത്രത്തിന് ലഭിച്ചത് 3 ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പ്രതിഫലം വേണ്ട എന്ന നിലയിലാണ് ബാല അഭിനയിച്ചത്. എന്നാൽ രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്’.
‘ബാല വലിയ ഡിമാന്റാണ് മുന്നോട്ട് വച്ചത്. സോഷ്യൽ മീഡിയയിൽ ഫേയ്മസ് ആണെന്ന് പറഞ്ഞു കൊണ്ട് പണം കൂടുതൽ ആവശ്യപ്പെട്ടു. ട്രോളുകളിൽ വരുന്നു എന്നത് കൊണ്ട് പണം കൂടുതൽ നൽകണമെന്നുള്ള ആവശ്യം മലയാള സിനിമയില്ല, ഒരു സിനിമയിലും ഉണ്ടാകില്ല. എന്നെ കൊണ്ട് താങ്ങാൻ കഴിയുന്ന തുക ആയിരുന്നെങ്കിൽ ഞാൻ നൽകിയേനെ. സൗഹൃദത്തിന് വളരെയധികം പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. ഇനി അങ്ങനെയൊന്ന് ഉണ്ടാകാനും പോകുന്നില്ല. ഈ സിനിമയിൽ അഭിനയിച്ച മറ്റൊരു താരമാണ് രാഹുൽ മാധവ്. അദ്ദേഹം പ്രതിഫലം നൽകിയ തുക സൗഹൃത്തിന്റെ പേരിൽ തിരികെ തന്നു. സ്ത്രീകൾക്ക് മാത്രമല്ല പ്രതിഫലം നൽകിയിട്ടുള്ളത്. ഈ ചിത്രത്തിൽ അഭിനയിച്ച എല്ലാവർക്കും പണം നൽകിയിട്ടുണ്ട്. ഒരാൾക്കും പ്രതിഫലം നൽകാതെ ഒരു സിനിമ പുറത്തിറക്കാൻ സാധിക്കില്ല. നിർമ്മാതാവ് എന്ന നിലയിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആദ്യ സിനിമയിൽ ഒരു ആംബുലൻസിന്റെ പേരിലാണ് വിവാദമെങ്കിൽ രണ്ടാമത്തെ സിനിമയിൽ സുഹൃത്ത് തന്നെ ആരോപണവുമായി എത്തി’ എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Comments