ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെ തെളിവുകൾ നിരത്തി ഉണ്ണിമുകുന്ദൻ. ആരോപണങ്ങൾ നിഷേധിക്കുകയാണെന്ന് വ്യക്തമാക്കിയതിന് ശേഷമായിരുന്നു സിനിമയിലെ നടനും നിർമ്മാതാവുമായ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തെളിവുകൾ നിരത്തിയത്.
സുഹൃത്തിൽ നിന്നും അതീവ ഗുരുതരമായ ആരോപണം ഉയർന്നതിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഉണ്ണിമുകുന്ദൻ ബാലയുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് ശേഷമാണ് ബാലയ്ക്ക് പ്രതിഫലം നൽകിയതിന്റെ തെളിവുകൾ പങ്കുവെച്ച് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
സിനിമയുടെ അസിസ്റ്റന്റ് ക്യാമറമാനായ എൽദോ ഐസക്കിന് പ്രതിഫലം കിട്ടിയില്ലെന്ന ആരോപണത്തിനും ഉണ്ണിമുകുന്ദൻ തെളിവുകളിലൂടെ മറുപടി നൽകി. നടൻ ബാലയ്ക്ക് രണ്ട് ലക്ഷം രൂപയും എൽദോ ഐസക്കിന് ഏഴ് ലക്ഷവും കൈമാറിയതിന്റെ ബാങ്ക് ഡീറ്റെയ്ൽസ് നിർമ്മാതാവായ ഉണ്ണിമുകുന്ദൻ പങ്കുവച്ചു. ബാലയ്ക്കും എൽദോയ്ക്കും പലതവണയായി പണം അയച്ചത് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റായിരുന്നു പോസ്റ്റിൽ അടങ്ങിയിരിക്കുന്നത്.
നേരത്തെ വാർത്താ സമ്മേളനം നടത്തിയായിരുന്നു വിവാദ വിഷയത്തിൽ ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. ബാലയ്ക്ക് വേണ്ടിയല്ല മറുപടി നൽകുന്നതെന്നും മറിച്ച് തന്നെ സ്നേഹിക്കുന്നവർ സത്യം തിരിച്ചറിയണം എന്നുള്ളതുകൊണ്ടാണ് വിവാദത്തിൽ പ്രതികരിക്കുന്നതെന്നും നടൻ വ്യക്തമാക്കി.
പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ച ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം ബാല ഡിമാന്റുമായി മുന്നോട്ടു വന്നു. സോഷ്യൽ മീഡിയയിൽ ഫെയ്മസ് ആണെന്ന് പറഞ്ഞായിരുന്നു കൂടുതൽ പണം ആവശ്യപ്പെട്ടത്. ട്രോളുകളിൽ വരുന്നു എന്നത് കൊണ്ട് പണം കൂടുതൽ നൽകണമെന്നുള്ള ആവശ്യം മലയാള സിനിമയിലില്ലെന്നും താങ്ങാൻ കഴിയുന്ന തുക ആയിരുന്നെങ്കിൽ ഒരുപക്ഷെ വീണ്ടും പണം നൽകുമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബാല ഒരു അഭിമുഖത്തിൽ ആരോപിച്ചത്. തുടർന്ന് വിവാദങ്ങൾ ശക്തമായതോടെ നിർമ്മാതാവായ ഉണ്ണിമുകുന്ദൻ വിശദീകരണവുമായി നേരിട്ട് രംഗത്തെത്തുകയായിരുന്നു.
Comments