ഇസ്ലാമാബാദ് ; വിവാഹ വേളയിൽ, വധൂവരന്മാർക്ക് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ധാരാളം സമ്മാനങ്ങൾ ലഭിക്കാറുണ്ട് . അവയിൽ ഏറ്റവും സവിശേഷമായത് വരൻ തന്റെ വധുവിന് നൽകുന്ന സമ്മാനമാണ്. എന്നാൽ ഏതെങ്കിലും വിവാഹത്തിൽ വധുവിന് കഴുതയെ സമ്മാനമായി ലഭിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ പാകിസ്താനിൽ അതും സംഭവിച്ചു.
പാക് യൂട്യൂബർ അസ്ലൻ ഷായാണ് തന്റെ വധു വാരിഷയ്ക്ക് കഴുതക്കുട്ടിയെ സമ്മാനമായി നൽകിയത് . സമ്മാനത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ അസ്ലൻ ഷാ പങ്ക് വച്ചു. “വാരിഷ കഴുതക്കുട്ടികളെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ ഇത് എന്റെ വിവാഹ സമ്മാനമാണ്. ഞാൻ മൃഗങ്ങളെ സ്നേഹിക്കുന്നു, ആളുകൾ എന്ത് പറഞ്ഞാലും, കഴുത എന്റെ ആത്മമൃഗമാണ്, കഴുതയെ ഞാൻ സ്നേഹിക്കുന്നു, ഇത് വാരിഷയ്ക്കുള്ള എന്റെ സമ്മാനമാണ്.“ അസ്ലൻ ഷാ കുറിച്ചു.
നിക്കാഹിന് ശേഷം നടന്ന പാർട്ടിയിലാണ് അസ്ലൻ തന്റെ ഭാര്യക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത് . ചിത്രങ്ങൾക്ക് പുറമെ ഒരു വീഡിയോയും അസ്ലൻ പങ്കുവെച്ചിട്ടുണ്ട്.
വിവാഹത്തിൽ നിരവധി യൂട്യൂബർമാർ, ടിക് ടോക്കർമാർ, പാക് സെലിബ്രിറ്റികൾ എന്നിവരും പങ്കെടുത്തിരുന്നു . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയാണ്. പാകിസ്താനിലെ ആഢംബര വിവാഹങ്ങളിൽ ഒന്നായിരുന്നു അസ്ലത്തിന്റെയും വാരിഷയുടെയും വിവാഹം എന്നാണ് പറയപ്പെടുന്നത്.
എന്നാൽ അസ്ലത്തിന്റെ സമ്മാനത്തെ പരിഹസിച്ച് ഒട്ടേറെ പേർ രംഗത്ത് വന്നിട്ടുണ്ട് . പാകിസ്താനിൽ കഴുതകൾ പോലും സമ്മാനമാണെന്നും , ഭാര്യയെ കളിയാക്കാനാണോ ഇത് നൽകിയതെന്നും ചിലർ ചോദിക്കുന്നു.
Comments