തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഏറ്റവുമധികം ഫണ്ട് ശേഖരിച്ചത് കേരളത്തിൽ നിന്ന്. സംസ്ഥാനത്ത് പി എഫ് ഐ യ്‌ക്ക് പണമെത്തിയത് കടലാസ് കമ്പനികളുടെ മറവിലാണെന്നാണ് വിവരം. സി എഫ് ബി സൊല്യൂഷൻസ് എന്ന ഐടി കമ്പനിയുടെ മറവിൽ പണമിടപാട് നടത്തിയതിന്റെ വിവരങ്ങൾ ജനം ടി വിയ്‌ക്ക് ലഭിച്ചു.
പോപ്പുലർ ഫ്രണ്ടിന് വേണ്ടി പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ഷഫീർ, സിറാജ് എന്നിവർ ആരംഭിച്ച കമ്പനിയാണ് സിഎഫ്ബി സൊലൂഷ്യൻസ്. സ്ഥാപനത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയെത്തിയെന്നാണ് എൻഐഎയ്‌ക്ക് ലഭിച്ചിരിക്കുന്ന വിവരം. കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ ആരംഭിച്ച ഈ ഐ ടി സൊല്യൂഷൻ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയത് രണ്ട് കോടി എൺപത് ലക്ഷം രൂപയാണ്.
എൻ ഐ ഐ ഡൽഹിയിലെടുത്ത കേസിൽ അറസ്റ്റിലായ ഷഫീർ ഇപ്പോൾ റിമാന്റിലാണ്. പി എഫ് ഐ യുടെ അക്കൗണ്ടന്റായി പ്രവർത്തിക്കുകയായിരുന്നു ഷഫീർ. പി എഫ് ഐ യുടെ ദേശീയ-സംസ്ഥാന നേതാക്കൾക്കൊപ്പമായിരുന്നു ഷഫീർ അറസ്റ്റിലായിരുന്നത്. സാമ്പത്തിക ഇടപാടിന്റെ പുതിയ വിവരങ്ങൾ ലഭിച്ചതോടെ ഇയാളെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യും. ഭീകര പ്രവർത്തനങ്ങൾക്കായി പി എഫ് ഐ നടത്തിയ പണ സമാഹരണവുമായി ബന്ധപ്പെട്ട് കോഴിക്കോടടക്കം വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.
Comments