കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജില്ലാ കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ബുക്കിങ് 90,000 ഉം ദർശനം 19 മണിക്കൂറും ആക്കിയതുമടക്കമുള്ള കാര്യങ്ങളാണ് കളക്ടർ കോടതിയെ അറിയിച്ചത്. ഭക്തരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട,കോട്ടയം തുടങ്ങിയ സമീപജില്ലകളിലെ കളക്ടർമാരുടെ അറിവോടെ തീർത്ഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നടക്കമുള്ള നിർദ്ദേശങ്ങളാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി ആളുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ദർശനത്തിന് സൗകര്യമൊരുക്കുമെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തുടർന്ന് ഇത് സംബന്ധിച്ച ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കാനായി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റുകയായിരുന്നു.
ശബരിമലയിലേക്ക് കെഎസ്ആർടിസി ബസുകൾക്ക് പകരമായി സമാന്തര സർവീസ് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക
Comments