ദോഹ: സെമിഫൈനലിൽ ക്രൊയേഷ്യക്കെതിരായ മിന്നും ജയത്തിന് പിന്നാലെ തന്റെ റെക്കോർഡ് ശേഖരത്തിലേക്ക് വീണ്ടും കുറെ പൊൻതൂവലുകൾ ചേർത്തിരിക്കുകയാണ് ലയണൽ മെസി. സെമിഫൈനൽ മത്സരം കൂടി അവസാനിച്ചതോടെ വളരെ പഴക്കംചെന്ന ഒരു റെക്കോഡ് മെസി സ്വന്തം പേരിലാക്കി. 1966-ന് ശേഷം ഒരു ഫുട്ബോൾ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. കൂടാതെ ലോകകപ്പിൽ അർജൻറീനയ്‌ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി ലയണൽ മെസി മാറി. ക്രൊയേഷ്യയ്‌ക്കെതിരെ 34-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോൾനേട്ടം 11ൽ എത്തി. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി മറികടന്നത്.
ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജർമ്മൻ ഇതിഹാസം ലോതർ മത്യാസിനൊപ്പം പങ്കിടാനും ലയണൽ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസി ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് ചേർക്കപ്പെടും.
2022 ഖത്തർ ലോകകപ്പിലെ ടോപ് ഗോൾ സ്‌കോററായി മാറാനും മെസിയ്‌ക്ക് സാധിച്ചു. ഈ ലോകകപ്പിൽ നിലവിൽ ഏറ്റവുമധികം ഗോൾ നേടിയതും അസിസ്റ്റ് നൽകിയതും കൂടുതൽ ഷോട്ടുതീർത്തതും,കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചതും മെസിയാണ്. അടുത്ത കളിയിൽ ഒരു അസിസ്റ്റ് കൂടി മെസിയ്‌ക്ക് ലഭിച്ചാൽ ലോകകപ്പിൽ ഡീഗോ മറഡോണയുടെ പേരിലുള്ള എട്ട് അസിസ്റ്റുകളിലെത്താൻ സാധിക്കും.
ഫൈനലിലും പെനാൽറ്റിയിലൂടെ ഗോൾ നേടിയാൽ മെസിയ്‌ക്ക് പുതിയ റെക്കോഡ് സ്വന്തമാക്കാം. ഒരു ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ പെനാൽറ്റിയിലൂടെ നേടുന്ന താരമെന്ന റെക്കോഡാണ് മിശിഹയെ കാത്തിരിക്കുന്നത്. 1966ൽ പോർച്ചുഗലിന്റെ യൂസേബിയോയും 1978-ൽ നെതർലൻഡ്സിന്റെ റെൻസെൻബ്രിങ്കുമാണ് ഈ റെക്കോഡ് നേരത്തേ സ്വന്തമാക്കിയവർ.
സെമിഫൈനലിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ മെസി ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയ്‌ക്കൊപ്പമെത്തി. ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരമായ ഗോൾഡൻ ബോൾ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്.















