കൊൽക്കത്ത: രണ്ട് മാസം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും മകനെയും അറസ്റ്റ് ചെയ്ത് പോലീസ്. കൊൽക്കത്തയ്ക്ക് സമീപം ഹരിദേവ്പൂരിലാണ് പോക്സോ വകുപ്പ് പ്രകാരം അമ്മയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയായ വീട്ടമ്മയുടെ ഒപ്പം ബ്യൂട്ടീഷൻ കോഴ്സ് ചെയ്തിരുന്നയാളാണ് പരാതിക്കാരി. ഒക്ടോബറിൽ ഒരു ദിവസം പെൺകുട്ടിയെ ഇവർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി. മയക്കുമരുന്ന് കലർത്തിയ ആഹാരം നൽകി പെൺകുട്ടിയെ മയക്കി കിടത്തി. ശേഷം ഇവരുടെ മകൻ എത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം പോലീസിൽ അറിയിക്കാൻ ആദ്യം പെൺകുട്ടി ഭയപ്പെട്ടെങ്കിലും പിന്നീട് സുഹൃത്തുക്കൾ നൽകിയ പിന്തുണയുടെ ബലത്തിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പ്രതികളായ അമ്മയെയും മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments