ജർമൻ കാർനിർമ്മാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ മോഡലുകൾക്ക് ഇന്ത്യൻ വിപണയിൽ വലിയ സ്വീകാര്യതയാണുള്ളത്. ബെൻസിന്റെ സേഫ് റോഡ് ഉച്ചകോടി കഴിഞ്ഞ ദിവസം ഇന്ത്യയിൽ നടന്നിരുന്നു. ഇത് മൂന്നാമത്തെ ഉച്ചകോടിയാണ് കമ്പനി നടത്തുന്നത്. ഇതിന് മുമ്പ് 2015-ലും 2019-ലുമാണ് സേഫ് റോഡ് ഉച്ചകോടി നടന്നത്. മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ പ്രധാനമായും രണ്ട് പ്രഖ്യാപനങ്ങളാണ് ബെൻസ് നടത്തിയത്. ആദ്യത്തേത് ‘വിഷൻ സീറോ 2050’ ആണ്. അതായത്, 2050 ആകുമ്പോഴേക്കും അപകടരഹിതമായ ഡ്രൈവിംഗ്. രണ്ടാമത്തേത് വിഷൻ EQXX ഇലക്ട്രിക് കാർ ആണ്. ഒരൊറ്റ ചാർജിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന കാറാണ് EQXX ഇവി.
മെഴ്സിഡീസ് ബെൻസിന്റെ മോഡലുകളിലെ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യന്റാണ്(0.17Cd) EQXX-ന്. ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് പോകുമ്പോൾ വായുവിന്റെ തടസത്തെ പരമാവധി കുറയ്ക്കുന്ന രൂപമാണ് EQXX-ന് നൽകിയിരിക്കരുന്നത്. ഏറ്റവും കുറഞ്ഞ ഊർജ്ജത്തിൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള വാഹനമെന്നാണ് EQXX-നെ മെഴ്സീഡസ് ബെൻസ് വിശേഷിപ്പിക്കുന്നത്.
വാഹനത്തിന് നൽകിയിരിക്കുന്ന സിഗിൾ ഇലക്ട്രിക് മോട്ടോർ 244 എച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്. വേഗത്തിൽ 900 V വരെ ചാർജ്ജ് ചെയ്യാൻ കഴിയുന്ന 100 കിലോവാട്ടിന്റെ ബാറ്ററിയും വാഹനത്തിന് നൽകിയിരിക്കുന്നു. ഇക്യുഎസ് ശ്രേണിയിലെ ഏത് വാഹനത്തെക്കാളും 250 കിലോമീറ്റർ കൂടുതൽ ഇന്ധനക്ഷമത EQXX-ന് ഉണ്ട്. കാര്യക്ഷമത വർഡദ്ധിപ്പിക്കുന്നതിന് 117 സൗരോർജ്ജ പാനലുകൾ EQXX-ന്റെ മുകളിലായി ഘടിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 25 കിലോമീറ്റർ അധികം സഞ്ചരിക്കാൻ ഈ സൗരോർജ്ജ പാനലുകൾ സഹായിക്കും. കാറിന്റെ പിൻഭാഗത്തെ ചില്ലും ഈ സൗരോർജ പാനലുകൾ കൊണ്ട് മറച്ചിരിക്കുന്നു. EQXX ഇവി മോഡൽ നിലവിൽ സേഫ് റോഡ് ഉച്ചകോടിയിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനം ജനുവരിയിൽ തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് മെഴ്സിഡീസ് ബെൻസ് അറിയിച്ചിരിക്കുന്നത്.
Comments