സൂറിച്ച്: 36 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഫുട്‌ബോൾ ലോകകപ്പ് സ്വന്തം നാട്ടിലെത്തിച്ചെങ്കിലും ഫിഫ റാങ്കിംഗിലെ നിർഭാഗ്യം വിടാതെ പിന്തുടർന്ന് അർജന്റീന. ഫിഫയുടെ ഒടുവിലത്തെ റാങ്കിംഗ് പട്ടികയിൽ ബ്രസീൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അർജന്റീന രണ്ടാം സ്ഥാനത്തും ലോകകപ്പിലെ റണ്ണറപ്പുകളായ ഫ്രാൻസ് മൂന്നാം സ്ഥാനത്തുമാണ്.
2021 ൽ കോപ്പ അമേരിക്ക നേടിയിട്ടും അർജന്റീനയ്‌ക്ക് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിൽ മൂന്ന് കളികൾ വിജയിച്ച ബ്രസീൽ കാമറൂണിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകുകയും ചെയ്തു. എന്നാൽ അർജന്റീന ആദ്യ കളിയിൽ മാത്രമാണ് സൗദിയോട് പരാജയപ്പെട്ടത്. കലാശക്കളിയിലെത്തി കിരീടം നേടുകയും ചെയ്തു. 1986 ന് ശേഷം ആദ്യമായിട്ടാണ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.
ഫൈനലിൽ ഉൾപ്പെടെ രണ്ട് വിജയങ്ങൾ ഷൂട്ടൗട്ടിലൂടെ ആയതാണ് അർജന്റീനയ്‌ക്ക് റാങ്കിംഗിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതിന് കാരണം. ഷൂട്ടൗട്ടിലൂടെ നേടുന്ന വിജയങ്ങൾക്ക് പോയിന്റുകൾ കുറവാണ്.
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം പോലും മറികടക്കാൻ കഴിയാതിരുന്ന ബെൽജിയം റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു. ലോകകപ്പ് ക്വാർട്ടർ ഫൈനൽ കൊണ്ട് അവസാനിപ്പിച്ച ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ് ആറാം സ്ഥാനത്തുമാണ്.
ടൂർണമെന്റിൽ മികച്ച പോരാട്ടം നടത്തി സെമി വരെയെത്തിയ ക്രൊയേഷ്യയാണ് റാങ്കിംഗിലെ ആദ്യ പത്തിൽ വൻനേട്ടം സ്വന്തമാക്കിയ ടീം. അഞ്ച് സ്ഥാനങ്ങൾ മുന്നേറി ഏഴാം റാങ്കിലാണ് ക്രൊയേഷ്യ ഇടംപിടിച്ചത്. ഇറ്റലി എട്ടാം റാങ്കിലും പോർച്ചുഗൽ ഒൻപതാമതും സ്‌പെയിൻ പത്താം സ്ഥാനത്തുമുണ്ട്.
ലോകകപ്പ് സെമിയിൽ ഇടംപിടിച്ച ആദ്യ ആഫ്രിക്കൻ ടീമെന്ന നേട്ടവുമായി ഖത്തറിൽ നിന്ന് മടങ്ങിയ
മൊറോക്കോ 11 സ്ഥാനങ്ങൾ മുന്നേറി പതിനൊന്നാം റാങ്കിലെത്തി. മൊറോക്കോയാണ് പട്ടികയിൽ മുൻപിലുളള ആഫ്രിക്കൻ ടീം. ഓസ്‌ട്രേലിയ ഇരുപത്തിയേഴാം സ്ഥാനത്താണ്. ബ്രസീലിനെ തോൽപിച്ച കാമറൂൺ പത്ത് സ്ഥാനങ്ങൾ മുന്നേറി 33 ാം സ്ഥാനത്ത് എത്തി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അട്ടിമറി ജയം നേടിയ ഏഷ്യൻ ടീമുകളിൽ ഒന്നായ ജപ്പാൻ ഇരുപതാം സ്ഥാനത്താണ്.
Comments