ജയ്പൂർ: രഞ്ജി ട്രോഫിയിൽ ആദ്യ ഇന്നിംഗ്‌സിൽ രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിനം കളിനിർത്തുമ്പോൾ കേരളം 8 ന് 268 എന്ന നിലയിലാണ്. മുൻനിരയും വാലറ്റവും തകർന്നപ്പോൾ സച്ചിൻ ബേബിക്കൊപ്പം(109 നോട്ടൗട്ട്) രക്ഷകനായി നിന്ന സഞ്ജു സാംസണാണ്(82) ടീമിനെ തകർച്ചയിൽ നിന്നും രക്ഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 337ൽ ഒതുക്കാനായ കേരളത്തിന് പക്ഷെ ബാറ്റിംഗിൽ ആ മികവ് പ്രദർശിപ്പിക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറികൾ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് ഇത്തവണയും തുടരാൻ കേരളത്തിനാകാതിരുന്നത് ബാറ്റിംഗിൽ വെല്ലുവിളിയായി.
രോഹൻ കുന്നുമ്മൽ-രോഹൻ പ്രേം സഖ്യത്തിന് ഇത്തവണ മാറ്റം വരുത്തിയാണ് കേരളം കളിക്കാനിറങ്ങിയത്. രോഹൻ കുന്നുമ്മൽ ഇത്തവണ കളിക്കാനിറങ്ങിയില്ല. പകരം രോഹൻ പ്രേമിനൊപ്പം(18) കീപ്പർ പൊന്നൻ രാഹുലാണ്(10) ഇറങ്ങിയത്. രണ്ടുപേർക്ക് പിന്നാലെ രണ്ടാം വിക്കറ്റിലെത്തിയ ഷോൺ റോജറും(0) പെട്ടന്ന് പുറത്തായതോടെ കേരളം 3 ന് 31 എന്ന നിലയിലേക്കാണ് തകർന്നത്.
നായകന്റെ എല്ലാ ചുമതലയും പതിവുപോലെ ഏറ്റെടുത്ത സഞ്ജു ഉറച്ചു നിന്നതോടെ ഒരറ്റത്ത് സച്ചിൻ ബേബിയും മികച്ച പോരാട്ടം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 145 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 108 പന്തിൽ 14 ഫോറുക ളോടെ സഞ്ജു തുടർച്ചയായ രണ്ടാം ടെസ്റ്റിലും അർദ്ധസെഞ്ച്വറി നേടി 82 റൺസെടുത്താണ് മടങ്ങിയത്. അതിനിടെ 174 പന്തിൽ 109 റൺസോടെ സച്ചിൻ ബേബി ടീമിന് കരുത്തായി പുറത്താകാതെ നിൽക്കുകയാണ്.
സഞ്ജുവിന് പിന്നാലെ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അക്ഷയ് ചന്ദ്രൻ(5), ജലജ് സക്‌സേന(21), കഴിഞ്ഞ കളിയിൽ അർദ്ധ സെഞ്ച്വറി നേടിയ സിജോമോൻ(10), ബേസിൽ തമ്പി(0) എന്നിവർ പെട്ടെന്ന് പുറത്തായത് കേരളത്തിന് വിനയായി.രാജസ്ഥാന് വേണ്ടി തുടക്കത്തിലെ മൂന്ന് പേരെ പുറത്താക്കി അങ്കിത് ചൗദ്ധരിയും സഞ്ജുവിനേയും വാലറ്റ ക്കാരേയും മടക്കിയ മാനവ് സുതാറുമാണ് ബൗളിംഗിൽ തിളങ്ങിയത്.
ഇനി രണ്ടു ദിവസത്തെ കളിയിൽ നാളെ പരമാവധി റൺസ് സ്‌കോർ ചെയ്യുക എന്നതാണ് കേരളത്തിന് മുന്നിലെ വെല്ലുവിളി. ഒപ്പം രാജസ്ഥാനെ രണ്ടാം ഇന്നിംഗ്‌സിൽ അധികം റൺസെടുക്കാൻ അനുവദിക്കാതിരിക്കുക എന്ന തന്ത്രവും വിജയിക്കണം.
Comments