കൊച്ചി: ഇന്ത്യൻ നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. പാലാരിവട്ടം സ്വദേശി ബിമൽ എസ്. നമ്പൂതിരിയാണ് അറസ്റ്റിലായത്. നാവികസേനയും കേരള പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ആ സ്വാധീനം ഉപയോഗിച്ച് നാവികസേനയിൽ ജോലി ലഭ്യമാക്കാമെന്നുമാണ് പ്രതി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നത്. ഈ വിശ്വാസം മുതലെടുത്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വിശ്വാസ്യത നേടുന്നതിനായി നാവികസേനയുടെ ഔദ്യോഗിക യൂണിഫോം ധരിച്ചുള്ള ചിത്രങ്ങൾ പ്രതി വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും ഉന്നത സൈനിക ഉദ്യോഗസ്ഥനാണെന്ന പ്രതീതി സൃഷ്ടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
പ്രതിയിൽ നിന്ന് ഡിജിറ്റൽ രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ, മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.
സായുധ സേനകളിലേക്കുള്ള എല്ലാ നിയമനങ്ങളും കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് സംവിധാനങ്ങളിലൂടെയാണ് നടക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്ന ഇടനിലക്കാരിൽ നിന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ട്.















