സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘മലൈക്കോട്ടൈ വാലിബൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം’ എന്നാണ് മലൈക്കോട്ടൈ വാലിബനെ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേര് അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമിട്ടിരിക്കുന്നത്.
ജനുവരി 10-ന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’ നിർമ്മിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 25-നാണ് ഔദ്യോഗികമായി സിനിമ പ്രഖ്യാപിച്ചത്. സിനിമയില്‍ ഒരു ഗുസ്തിക്കാരന്‍റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക.
വെല്ലുവിളികൾ നിറഞ്ഞതും ഭയങ്കര ചലഞ്ചിംഗ് ആയ സിനിമയുമാണ് ലിജോ-മോഹൽലാൽ കൂട്ടുകെട്ടിൽ വരാൻ പോകുന്നതെന്ന് നടൻ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജീത്തു ജോസഫ് ചിത്രമായ റാമിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുക. പിഎസ് റഫീഖാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
Comments