മലയാളിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ് പച്ചക്കറികൾ. അതിൽ തന്നെ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടക്കാരനാണ് വെള്ളരിക്ക. ആരോഗ്യകാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും തുടങ്ങി വിഷുക്കണിയിൽ വരെ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന പച്ചക്കറിയാണ് വെള്ളരി. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ഏറെ സഹായകമാണ് വെള്ളരി. അതിനാലാണ് വേനൽക്കാലത്ത് വെള്ളരി കഴിക്കണമെന്ന് പറയുന്നത്.
ശരീരഭാരം കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വെള്ളരിക്ക വളരെയധികം സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണത്തിൽ മുൻപന്തിയിലാണ് വെള്ളരി. ദിവസവും വെളളരിയുടെ നീര് മുഖത്തിടുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും. കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും ഇത് സഹായിക്കും.
ഏറെ പേരും വെള്ളരിക്ക വേവിക്കാതെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വെറ്റമിൻ കെ, എ , ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം, മറ്റ് ആൻറി ഓക്‌സിഡൻറുകളാൽ സമൃദ്ധമാണ് വെള്ളരി. അനേകം ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെള്ളരിയിൽ ചില ദോഷങ്ങളുമുണ്ട്. ജാഗ്രതയോടെ കഴിച്ചില്ലെങ്കിൽ പ്രതികൂലമായി തീരാനുള്ള സാദ്ധ്യതയേറെയാണെന്ന് ഗവേഷണങ്ങൾ പറയുന്നുണ്ട്.
വെള്ളരിക്കയ്‌ക്ക് നേരിയ അളവിൽ കയ്പ്പുണ്ട്. പച്ചക്കറികളിൽ കയ്പ്പ് ഉളവാക്കുന്ന കുക്കുർബിറ്റാസിൻ ആണ് ഇതിന് പിന്നിൽ. ഇത് വിഷാംശം നിറഞ്ഞതാണ്. വേവിക്കാത്ത വെള്ളരി വേവിച്ച ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ വഴിവയ്‌ക്കും.ഗ്യാസിന്റെ പ്രശ്‌നം, അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയവ വരാൻ സാദ്ധ്യതയുണ്ട്.
Comments