ഡൽഹി: ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി എന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ടീ ഷർട്ട് ധരിച്ചാണ് ഡൽഹിയിൽ കൂടി രാഹുൽ ഗാന്ധി നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് സൽമാൻ ഖുർഷിദിന്റെ പുകഴ്‌ത്തൽ. സഹിക്കാൻ കഴിയാത്ത തണുപ്പാണ് ഡൽഹിൽ. ടീ ഷർട്ട് ധരിച്ച് ഡൽഹിയിൽ കൂടി നടക്കുന്ന വയനാട് എംപിയ അമാനുഷികനെന്ന് വിശേഷിപ്പിച്ച ഖുർഷിദ്, രാഹുൽ ഗാന്ധിയെ ശ്രീരാമനോടും ഉപമിച്ചു.
‘രാഹുൽ ഗാന്ധി ഒരു അമാനുഷികനാണ്. ഞങ്ങൾ ഡൽഹിലെ കൊടും തണുപ്പിൽ തണുത്തുറയാതെ ഇരിക്കാൻ ജാക്കറ്റ് ധരിച്ചിരിക്കുകയാണ്. എന്നാൽ, വെറും ടീ-ഷർട്ട് മാത്രം ധരിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. അദ്ദേഹം ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ്’. രാഹുൽ ഗാന്ധിയെ ശ്രീരാമനോടും സൽമാൻ ഖുർഷിദ് ഉപമിച്ചു. ‘ശ്രീരാമൻ യാത്ര ചെയ്യാത്ത ഇടങ്ങളിൽ രാമന്റെ പാദുകങ്ങൾ എത്തിക്കുന്നു. ഇപ്പോൾ ആ പാദുകങ്ങൾ യുപിയിൽ എത്തിയിട്ടുണ്ട്. രാമന്റെ പാദുകങ്ങൾ എത്തിക്കുന്നത് പോലെ രാഹുൽ ഗാന്ധി എത്താത്ത ഇടങ്ങളിൽ അദ്ദേഹത്തിന്റെ പാദുകങ്ങൾ ഞാൻ എത്തിക്കും’ എന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.
എന്നാൽ, ഖുർഷിദിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തു വന്നു. ‘ഭഗവാൻ ശ്രീരാമനോട് രാഹുൽ ഗാന്ധിയേയും ഭരതനോട് സ്വയം ഉപമിക്കുകയുമാണ് സൽമാൻ ഖുർഷിദ്. ഇത് ഞെട്ടിക്കുന്നതാണ്. മറ്റ് മതങ്ങളിലെ ദൈവങ്ങളോട് എന്താണ് ആരെയും ഉപമിക്കാത്തത്?. അതിന് ധൈര്യമുള്ള ആരെങ്കിലുമുണ്ടോ?. ഭഗവാൻ രാമന്റെ അസ്തിത്വം നിഷേധിക്കുകയും അയോദ്ധ്യയിലെ രാമ ക്ഷേത്രത്തെ എതിർക്കുകയും ചെയ്തവർ, ഇപ്പോൾ ഭഗവാൻ രാമനെ അപമാനിക്കുകയാണ്’ എന്ന് പൂനവാലെ വിമർശിച്ചു.
Comments