മെൽബൺ: തന്റെ 100 ടെസ്റ്റ് അവിസ്മരണീയമാക്കിയ വാർണറുടെ ആഹ്ലാദം ഇരട്ടിയാക്കി ഓസീസ് ടീമിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം. പ്രൊട്ടിയാസിനെ ഇന്നിംഗ്‌സിനും 182 റൺസിനുമാണ് കങ്കാരുക്കൾ തകർത്തത്.
ആദ്യ ഇന്നിംഗ്‌സിൽ 189ന് തകർന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും ഓസീസിന്റെ കൂറ്റൻ സ്‌കോറായ 575നെതിരെ 204ൽ പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ ഡേവിഡ് വാർണറാണ് കളിയിലെ താരം.
രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി തേംബ ബാവുമ (65), കെയിൻ വേരിയേൻ(33) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സന്ദർശകരുടെ 5 ബാറ്റർമാർ രണ്ടക്കം തികയ്‌ക്കാതെയാണ് പുറത്തായത്. ഓസ്‌ട്രേലിയയ്‌ക്കായി 3 വിക്കറ്റ് വീഴ്‌ത്തി നഥാൻ ലിയോൺ മികച്ച പ്രകടനം നടത്തി. സ്‌കോട്ട് ബോലാന്റ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഇന്നിംഗ്‌സിൽ 5 വിക്കറ്റ് വീഴ്‌ത്തിയ കാമറൂൺ ഗ്രീനാണ് ഓസീസ് നിരയിൽ തിളങ്ങിയ മറ്റൊരു ബൗളർ.















