തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതി ശ്യാംലാലാണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലർച്ചെയോടെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
കേസിലെ മറ്റ് പ്രതികളായ ദിവ്യ നായർ, ഇടനിലക്കാരൻ അഭിലാഷ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംലാലിനെയും പിടികൂടിയത്. ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 14 കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ ശ്യാംലാലിൽ നിന്നും വിശദമായ മൊഴിയെടുത്തുവരികയാണ്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണ്.
അതേസമയം സംഭവത്തിൽ മറ്റൊരു പ്രധാന പ്രതിയായ ഒരാൾകൂടി പിടിയിലാകാനുണ്ട്. ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയാണ് പിടിയിലാകാനുള്ളത്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Comments