ന്യൂഡൽഹി: പോപ്പുലർഫ്രണ്ടിനെതിരെ വിമർശനവുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്. കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സമ്പന്നരായ മുസ്ലീം യുവാക്കളെ കേന്ദ്രീകരിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്ന് ദേശീയ കൺവീനർ ഷുഹൈബ് ഖസ്മി പ്രതികരിച്ചു.
സ്‌കൂളുകളിലും മദ്രസകളിലുമെത്തുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചതിനാൽ ഇപ്പോൾ ആധുനിക രീതിയിലുള്ളതും വ്യത്യസ്തവുമായ പേരുകൾ ഉപയോഗിച്ചാണ് പോപ്പുലർ ഫ്രണ്ട് മറഞ്ഞിരുന്ന് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യ സമാധാനപരമായ ഒരു രാജ്യമാണ്. വർഷങ്ങളായി മുസ്ലീങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെക്കുറിച്ച് ജാഗരൂകരായിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും ഷുഹൈബ് ഖസ്മി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ 56 ഇടങ്ങളിൽ ഒരേസമയം എൻഐഎ റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീട്ടിലായിരുന്നു റെയ്ഡ്. തുടർന്ന് എടവനക്കാട് സ്വദേശിയായ പ്രാദേശിക പിഎഫ്‌ഐ നേതാവ് അറസ്റ്റിലായി. അഭിഭാഷകൻ കൂടിയായ മുഹമ്മദ് മുബാറക്കാണ് അറസ്റ്റിലായത്. മറ്റ് പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു മുബാറക്. ഇയാളുടെ വീട്ടിൽ ബാഡ്മിന്റൺ റാക്കറ്റിനുള്ളിലായി മാരകായുധങ്ങൾ സൂക്ഷിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് 20 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments