തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്ത് വിവരം ശേഖരിക്കുന്നതിനായി നടപടികൾ ആരംഭിച്ചു. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കുന്നതിന് വേണ്ടിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്.
ഇതിനായി സബ് രജിസ്ട്രാർ ഓഫീസുകളും വില്ലേജ് ഓഫീസുകളും വഴിയാണ്. കേസിൽ പ്രതികളായ 3785 പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലുമെത്തിയിട്ടുണ്ട്. പ്രതികളുടെ സ്വത്തുവിവരങ്ങൾ ജില്ലാ രജിസ്ട്രാർക്കു കൈമാറാനാണ് നിർദേശം.
ജില്ലാ രജിസ്ട്രാർ ഇത് രജിസ്ട്രേഷൻ ഐജിക്ക് കൈമാറണം. ഓരോ പോലീസ് സ്റ്റേഷൻ പരിധികളിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫീസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരത്തെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. പ്രതികളുടെ സ്വത്തുവിവരം ലഭിച്ച ശേഷം റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കും.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്ന് മാപ്പ് പറഞ്ഞ സർക്കാർ റവന്യൂ റിക്കവറി നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. നടപടികളിലെ പുരോഗതി അറിയിക്കാൻ കേസ് 18 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
Comments