നേരത്തെ എഴുന്നേൽക്കുന്നവർക്ക് പകൽ കഴിഞ്ഞ് ഉണരുന്നവരേക്കാൾ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. എന്നാൽ, നേരത്തെ എഴുന്നേറ്റാൽ മാത്രം പോരാ. പ്രഭാത സമയത്ത് നമ്മൾ ആദ്യം കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇരിക്കും നമ്മുടെ ആരോഗ്യവും ഉന്മേഷവും. ഒരു ചായയിലൂടെയാണ് നമ്മളിൽ ഭൂരിഭാഗം പേരും ദിവസം ആരംഭിക്കുന്നത്. എന്നാൽ ആരോഗ്യവും ഉന്മേഷവും വർദ്ധിക്കാൻ മറ്റ് ചില പാനിയങ്ങളാണ് നാം പ്രഭാത സമയത്ത് കുടിക്കേണ്ടത്. ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്ന പാനിയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം,
1. തേങ്ങാവെള്ളം – തേങ്ങാവെള്ളം ഒരു അത്ഭുത പാനീയമാണ്. ദിവസം തുടങ്ങാൻ പറ്റിയ പാനീയങ്ങളിൽ ഒന്നാണിത്. ഊർജ്ജത്തിനും ഉന്മേഷത്തിനും തേങ്ങാവെള്ളം അത്യുത്തമമാണ്. തേങ്ങാവെള്ളത്തിൽ ഒരു തുള്ളി നാരങ്ങ നീര് കൂടി ചേർത്തു വേണം കുടിക്കാൻ.
2. ബൂസ്റ്റ് സ്മൂത്തി: ഈ സ്മൂത്തി രുചികരവും പോഷകപ്രദവുമാണ്. മാത്രമല്ല, വീട്ടിൽ ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. ഇതിൽ കലോറി കുറവാണ്. കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
3.കോംബുച്ച: ഈ പുളിപ്പിച്ച പാനീയത്തിൽ നല്ല അളവിൽ ഗുണമുള്ള പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. കുടലിനാവശ്യമായ ബാക്‌ടീരിയയും യീസ്റ്റും ഉൾപ്പെടുന്നു. കൂടാതെ അമിനോ ആസിഡുകൾ, വിറ്റാമിൻ സി, ബി2, ബി6, അസറ്റിക് ആസിഡ്, ലാക്‌റ്റിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഈ പാനിയത്തിലുണ്ട്.
4. മസാല വെള്ളം: ഊർജ്ജം പകരാൻ കഴിയുന്ന ഒരു ചൂടുള്ള പാനീയമാണ് ഇത്. രണ്ട് കപ്പ് വെള്ളം ചൂടാക്കി അതിലേയ്‌ക്ക് ഇഞ്ചി അരിഞ്ഞത്, 1/4 ടീസ്പൂൺ മഞ്ഞൾ, 1/2 ടീസ്പൂൺ തേൻ, 1/2 ടീസ്പൂൺ ഏലക്കാപ്പൊടി എന്നിവ ചേർക്കുക. നന്നായി തിളപ്പിച്ച ശേഷം ഒരു തുള്ളി നാരങ്ങ നീര് കൂടി ചേർത്ത് ചെറിയ ചൂടോടു കൂടി കുടിക്കുക.
5. സട്ടു ഷേക്ക്: നമ്മളെ ഊർജസ്വലമാക്കുന്ന ഒരു പോഷകമാണ് സട്ടു. ധാന്യങ്ങളുടേയും പയറുവർഗ്ഗങ്ങളുടേയും പൊടികളുടെ ഒരുതരം മിശ്രിതമാണ് സട്ടു. ഇത് ഒരു വേനൽക്കാല പാനീയമാണ്. ചൂടിൽ നിന്നും ആശ്വാസം നൽകാൻ ഇത് സഹായിക്കും.















