ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുട്ട. കാടമുട്ടയും കോഴിമുട്ടയും താറാമുട്ടയും അങ്ങനെ ഏതാണെങ്കിലും ശരീരത്തിന് നല്ലതാണ്. എന്നാൽ ഒരല്പമെങ്കിലും കേടായാൽ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതുമാണ് മുട്ട. കേടായ മുട്ട തിരിച്ചറിയാൻ പോലും കഴിയാതെ പലരും അത് പാചകം ചെയ്ത് കഴിക്കാറുണ്ട്.
എന്നാൽ മറ്റു ചിലർക്ക് മുട്ട പൊട്ടിച്ച് പാചകം ചെയ്യാന്‍ തുടങ്ങുമ്പോൾ അവ ചീത്തതാണ് എന്ന് മനസിലാകും. എന്നാല്‍, മുട്ട പൊട്ടിക്കാതെ തന്നെ അത് ചീഞ്ഞതാണോ എന്നറിയാൻ വഴികളുണ്ട്. വെറും പച്ചവെള്ളം മാത്രം ഉപയോഗിച്ച് മുട്ട നല്ലതാണോ ചീത്തയായോ എന്ന് കണ്ടെത്താൻ സാധിക്കും.
ഇതിനായി ഒരു ഗ്ലാസില്‍ നിറച്ച് വെള്ളമെടുക്കുക. ഇനി ഈ വെള്ളത്തിലേക്ക് ഓരോ മുട്ടയായി ഇട്ടു നോക്കുക. വെള്ളത്തില്‍ താഴ്ന്നുകിടക്കുന്ന മുട്ട പുതിയതും പൊങ്ങിക്കിടക്കുന്ന മുട്ട പഴകിയതുമായിരിക്കും. പുതിയ മുട്ടയില്‍ വായുവിന്റെ അംശം കുറവായിരിക്കും. സ്വാഭാവികമായും ഈ മുട്ട വെള്ളത്തില്‍ താഴ്ന്നായിരിക്കും കിടക്കുക. പഴകുന്തോറും മുട്ടയിലെ ജലാംശം കുറയുക മാത്രമല്ല മുട്ടത്തോടിലെ ചെറിയ സുഷിരങ്ങളിലൂടെ വായു മുട്ടയ്ക്കുള്ളില്‍ കടക്കുകയും ചെയ്യും. ഏകദേശം 10 ദിവസം വരെയാണ് മുട്ട കേടാകാതെ ഇരിക്കുക.















