കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

Published by
Janam Web Desk

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. ഡ്രൈവർ സി എൽ ഔസേപ്പിനെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 7-ന് രാത്രി പത്ത് മണിക്ക് കുഴൽമന്ദത്തായിരുന്നു കേസിനാസ്പദമായ അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരായ കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സബിത് എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പാലക്കാട് നിന്നും വടക്കാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഔസേപ്പ് സസ്‌പെൻഷനിലായിരുന്നു.

ഡ്രൈവർ കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്ന് കെഎസ്ആർടിസി കണ്ടെത്തി. കൂടാതെ ഇതേ ഡ്രൈവർ മുൻപും അപകടകരമായ രീതിയിൽ വാഹനമൊടിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഡ്രൈവർ അശ്രദ്ധമായാണ് വാഹനമൊടിച്ചതെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കുഴൽമന്ദം പോലീസ് മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്കായിരുന്നു കേസ് റജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസ് കൈംബ്രാഞ്ചിന് കൈമാറിയത്.

 

 

Share
Leave a Comment